ഫത്തേപൂർ: ഉത്തർ പ്രദേശിലെ ഫത്തേപൂരിൽ 180 വർഷം പഴക്കമുള്ള പള്ളി പൊളിച്ചു. നൂരി ജുമാ മസ്ജിദിന്റെ പ്രധാന ഭാഗങ്ങളാണ് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയത്. റോഡ് കയ്യേറി പള്ളി നിർമ്മിച്ചുവെന്ന് ആരോപിച്ചാണ് ജില്ലാ ഭരണകൂടം ബുൾഡോസർ ഉപയോഗിച്ച് പള്ളി പൊളിച്ചു നീക്കിയത്. കയ്യേറ്റം ആരോപിച്ചുള്ള ജില്ലാ ഭരണകൂടത്തിന്റെ കത്തിനെതിരെ മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയിൽ നൽകിയ ഹരജി 13 ന് പരിഗണിക്കാനിരിക്കെയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. എഡിഎം അവിനാശ് ത്രിപാഠി, എഎസ്‌പി വിജയ് ശങ്കർ മിശ്ര, എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിപ്പിച്ചിരുന്നു.
റോഡ് വികസനത്തിൻറെ ഭാഗമായി ഡ്രൈനേജ് നിർമാണത്തിന് സെപ്‌തംബർ 24 നായിരുന്നു യുപി പൊതുമരാമത്ത് വകുപ്പ് മസ്‌ജിദ് കമ്മിറ്റിക്ക് നോട്ടീസ് നൽകിയത്. മസ്‌ജിദിന്റെ പിന്ഭാഗവും 133 വീടുകളും കടകളും റോഡ് കയറി നിർമ്മിച്ചതാണെ ന്നായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നത്. ഇതിനെതിരെ മസ്‌ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
മസ്‌ജിദിന്റെ പിൻഭാഗം പൊളിച്ചു നീക്കുന്നത് മസ്‌ജിദിന് കാര്യമായ കേടുപാട് ഉണ്ടാകുമെന്ന് അഭിഭാഷകനായ സയ്യിദ് അസീമുദീൻ മുഖേന നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 180 വർഷം പഴക്കമുള്ള മസ്‌ജിദ് കേവലം ആരാധനാലയം മാത്രമല്ലെന്നും രാജ്യത്തിൻറെ സാംസ്‌കാരിക പൈതൃകത്തിന്റെ നിർണായക ഭാഗമാണെന്നും പൊളിക്കുന്നത് തടയാൻ കോടതി ഇടപെടണമെന്നും മസ്‌ജിദ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഈ ഹരജി കോടതി പരിഗണിക്കാനിരിക്കെയാണ് ഭരണകൂടത്തിന്റെ നടപടി