റിയാദ്: വെറുപ്പിന്റെയും വിദ്വേഷത്തിൻറെയും മനസ്സുകൾ മാറ്റിവെച്ച് മനുഷ്യ ഹൃദയങ്ങൾ ഒന്നായി ചേരുന്നതിലൂടെ മനുഷ്യന്റെ ആരോഗ്യവും സംരക്ഷിക്കപ്പെടുമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ ഖലീൽ അൽ ബുഖാരി തങ്ങൾ.
അഭിമാന ബോധത്തോടെ തല ഉയർത്തി നിൽക്കാൻ കഴിയുന്നില്ല എന്നതാണ് മനുഷ്യൻ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമെന്നും വിശ്വാസം മുറുകെ പിടിക്കുന്നതിലൂടെ സമൂഹത്തിൽ തലയുയർത്തി നടക്കാൻ മനുഷ്യന് സാധ്യമകുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവാദിത്വം, മനുഷ്യ പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ നടക്കുന്ന സുന്നി യുവജന സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) റിയാദ് സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഖലീൽ തങ്ങൾ. കേരളത്തിൽ നിന്ന് നോബൽ പ്രൈസ് ജേതാക്കളെയും 500 ഡോക്ട്രേറ്റ് ബിരുദ ധാരികളായ പണ്ഡിതന്മാരെയും വാർത്തെടുക്കുവാൻ മഅദിൻ അക്കാദമി ലക്ഷ്യം വെക്കുന്നതായി ഖലീൽ തങ്ങൾ പറഞ്ഞു.
“ദേശാന്തരങ്ങളിൽ ദേശം പണിയുന്നവർ” എന്ന പ്രമേയത്തിൽ ഐ സി എഫ് നടത്തി വരുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ സമാപനവും ചടങ്ങിൽ നടന്നു. ഐ സി എഫ് ദാഇ ഷാഹിദ് അഹ്സനി സമ്മേളനം ഉൽഘാടനം ചെയ്തു. ഐ സി എഫ് ഈസ്റ്റേൺ പ്രൊവിൻസ് ദഅവ സെക്രട്ടറി ഹാരിസ് ജൗഹരി പ്രമേയ പ്രഭാഷണം നടത്തി.
ദേശാന്തര വായന എന്ന സന്ദേശത്തിൽ നടക്കുന്ന പ്രവാസി വായന ക്യാമ്പയിനിൽ റിയാദ് സെൻട്രലിൽ നിന്ന് ആദ്യം ടാർജറ്റ് പൂർത്തിയാക്കിയ സഹാഫ യൂണിറ്റ്, സെക്റ്റർ കമ്മറ്റികളായ ഉമ്മുൽ ഹമാം, ദീര, മുർസലാത്ത് എന്നിവയ്ക്കുള്ള ഉപഹാരം ഖലീൽ തങ്ങൾ ഭാരവാഹികൾക്ക് നൽകി.
മഅദിൻ അക്കാദമി ഡയറക്റ്റർ അഹമദ് കബീർ അൽ ബുഖാരി, ഐ സി എഫ് നാഷണൽ സംഘടന കാര്യ സെക്രട്ടറി ബഷീർ ഉള്ളണം, നാഷണൽ ദഅവ സെക്രട്ടറി സൈനുദ്ധീൻ മുസ്ല്യാർ വാഴവറ്റ എന്നിവർ സംബന്ധിച്ചു. ഐ സി എഫ് റിയാദ് സംഘടനാ കാര്യ പ്രസിഡന്റ് ലത്തീഫ് മിസ്ബാഹി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സിക്രട്ടറി മജീദ് താനാളൂർ സ്വാഗതവും ഫിനാൻസ് സെക്രട്ടറി ഷമിർ രണ്ടത്താണി നന്ദിയും പറഞ്ഞു