പത്തനംതിട്ട: മുവാറ്റുപുഴ പുനലൂർ സ്റ്റേറ്റ് ഹൈവേയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസും കാറും കൂട്ടിയിടിച്ചു നാലുപേർ മരണപെട്ടു. അപകടത്തിൽ നവ ദമ്പതികളടക്കം ഒരു കുടുംബത്തിലെ നാലു പേരാണ് മരണപ്പെട്ടത്. ആന്ധ്രയിൽ നിന്നും വന്ന തീർഥാടകർ സഞ്ചരിച്ച മിനി ബസ് എതിർ ദിശയിൽ നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ നാലുമണിക്കായിരുന്നു സംഭവം.
അപകടത്തിൽ കോന്നി സ്വദേശികളായ ഈപ്പൻ മത്തായി, നിഖിൽ (29), അനു (26), ബിജു പി ജോർജ് മരിച്ചത്. മലേഷ്യയിൽ മധുവിധു ആഘോഷിച്ചു തിരിച്ചു വരുന്ന നിഖിൽ അനു ദമ്പതികളെ വിമാനത്താവളത്തിൽ നിന്നും കൂട്ടി കൊണ്ടുവരുന്ന വഴിയിലാണ് അപകടം ഉണ്ടായത്. വിമാനത്താവളത്തിൽ നിന്നും ദമ്പതികളെ സ്വീകരിക്കാൻ പോയതായിരുന്നു ഈപ്പൻ മത്തായിയും ബിജു പി ജോർജും. കാനഡയിൽ ജോലി ചെയ്യുകയാണ് നിഖിൽ. കാനഡയിലേക്ക് തിരിച്ചു പോവാനുള്ള തെയ്യാറെടുപ്പിലായിരുന്നു. അനുവിന്റെ പിതാവാണ് ബിജു, നിഖിലിന്റെ പിതാവ് ഈപ്പൻ മത്തായിയും. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഒരാൾ സംഭവസ്ഥലത്തും മറ്റുള്ളവർ ആശുപതിയിലേക്കുള്ള വഴിയിൽ വെച്ചുമാണ് മരണപ്പെട്ടത്. വീട്ടിലെത്താൻ ഒരു കിലോമീറ്റർ മാത്രം ബാക്കിയുള്ള സമയത്താണ് അപകടം ഉണ്ടായത്.
ശബരിമല തീർഥാടകർ ആന്ധ്രയിൽ നിന്നുള്ളവരായിരുന്നു. ബസിലെ യാത്രക്കാരിൽ പലർക്കും സാരമായ പരിക്കുകളുണ്ട്. ഇവരെ പ്രാഥമിക ചികിത്സക്കായി കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.