ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ ജയത്തോടെ കേരളത്തിൻറെ മത്സരത്തിന് തുടക്കം. നിലവിലെ റണ്ണേഴ്‌സ് അപ്പായ ഗോവയെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് കേരളം തോല്പിച്ചത്.
മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്‌സൽ, നസീബ് റഹ്‌മാൻ, ക്രിസ്റ്റി ഡേവിസ് എന്നിവരാണ് കേരളത്തിന് വേണ്ടി ഗോൾ നേടിയത്. കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ കേരളത്തിനെതിരെ ഗോവ ആദ്യ ഗോൾ നേടി. എന്നാൽ ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോൾ തിരിച്ചടിച്ചു. 15ാം മിനിറ്റിൽ മുഹമ്മദ് റിയാസം 27 മിനിറ്റിൽ മുഹമ്മദ് അജ്‌സലും 33 മിനിറ്റിൽ നസീബ് റഹ്‌മാനുമാണ് ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ ക്രിസ്റ്റി ഡേവിസ് കൂടി ഗോൾ നേടിയതോടെ കേരളത്തിന്റെ ലീഡ് മൂന്നു ഗോളായി. അവസാന മിനിറ്റുകളിൽ കേരളത്തിനെതിരെ ഗോവ രണ്ടു ഗോളുകൾ കൂടി നേടി.
കഴിഞ്ഞ ടൂർണമെന്റിലെ റണ്ണേഴ്‌സ് അപ് എന്ന ബലത്തിലാണ് ഗോവ മത്സരത്തിനെത്തിയത്. സന്തോഷ് ട്രോഫിയിൽ കഴിഞ്ഞ തവണ ഗോവയോട് കേരളം തോറ്റതായിരുന്നു. യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനത്തിന്റെ ആത്മ വിശ്വാസത്തിലാണ് കേരളം ഗ്രൗണ്ടിലിറങ്ങിയത്.