ഇടുക്കി: കട്ടപ്പനയിൽ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകൻ തൂങ്ങി മരിച്ചു. കട്ടപ്പന സ്വദേശി മുളങ്ങാശ്ശേരിയിൽ സാബുവാണ് മരിച്ചത്.
കട്ടപ്പന റൂറൽ ഡെവലപ്മെൻറ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലാണ് സംഭവം. സൊസൈറ്റിക്ക് സമീപം താമസിക്കുന്നവരാണ് മൃതദേഹം കണ്ടത്.
സാബു കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ്. 25 ലക്ഷം രൂപയോളം ബാങ്കിൽ നിന്നും സാബുവിന് കിട്ടാനുണ്ട്. ഭാര്യയുടെ ചികിത്സക്ക് വേണ്ടി ബാങ്കിൽ നിന്നും പണം ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയിരുന്നില്ല.
നിക്ഷേപത്തുക ആവശ്യപ്പെട്ട് വ്യാഴാഴ്ചയും സാബു ബാങ്കിൽ ചെന്നിരുന്നുവെങ്കിലും പണം ലഭിച്ചില്ല. ഇതാണ് സാബുവിന്റെ മരണത്തിലേക്ക് നയിച്ചത്. മരണത്തിന് ഉത്തരവാദി ബാങ്കാണെന്ന് ആരോപിക്കുന്ന ആത്മഹത്യാകുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്.