റിയാദ്: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവാസി ഘടകമായ സമസ്‌ത ഇസ്ലാമിക് സെന്റർ സമസ്‌തക്ക് കത്ത് നൽകിയതായ വാർത്ത വാസ്തവവിരുദ്ധമാണെന്ന് നേതാക്കൾ. ഹമീദ് ഫൈസി അമ്പലക്കടവും സലിം ഫൈസിയും സൗദിയിൽ സന്ദർശനം നടത്തി എസ്ഐസിക്ക് സമാന്തര കമ്മിറ്റി രൂപീകരിക്കാൻ ശ്രമിച്ചുവെന്ന രീതിയിൽ സമസ്‌തക്ക് കത്ത് നൽകിയതായി വാർത്ത പ്രചരിച്ചിരുന്നു. സമസ്‌തക്ക് ഇത്തരത്തിലൊരു കത്ത് നൽകി നിക്ഷിപ്‌ത താല്പര്യക്കാരുടെ തീരുമാനങ്ങൾ എസ്ഐസിയുടെ പേരിൽ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
എസ്ഐസി പ്രസിഡന്റ് ഉബൈദുല്ല തങ്ങളും ജനറൽ സെക്രട്ടറി റാഫി ഹുദവിയും നൽകിയ പരാതിയിൽ പറയുന്ന കാര്യങ്ങൾ തീർത്തും വാസ്തവ വിരുദ്ധവമാണ്. എസ്ഐസി നാഷണൽ കമ്മിറ്റിയോ എക്സികുട്ടീവോ ഇങ്ങിനെ ഒരു തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇത്തരത്തിൽ പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ കത്ത് തയ്യാറാക്കുകയും അത് മുശാവറ ദിവസം തന്നെ ചോർത്തി പുറത്ത് പ്രചരിപ്പിക്കുകയും ചെയ്‌തത് പിന്നിൽ ഗൂഢാലോചനയുണ്ട്. പ്രവർത്തകർ അതിൽ വീണു പോവരുത്.
ഹമീദ് ഫൈസി അമ്പലക്കടവും സാലിം ഫൈസിയും സൗദിയിലെത്തിയത് ശരിയാണ്. ഉംറ നിർവഹിക്കാനും വ്യക്തിപരമായ ആവശ്യങ്ങൾക്കുമാണ് അവർ സൗദിയിൽ എത്തിയത്. ഇത്തരം ആവശ്യങ്ങൾക്ക് പല നേതാക്കളും പല സമയങ്ങളിൽ ഇവിടെ വരാറുണ്ട്. ഇത് സംബന്ധിച്ചു സാലിം ഫൈസി വിശദീകരിച്ചതാണ്. എന്നിട്ടും സമസ്‌ത നേതാക്കളെയും പ്രവർത്തകരെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ കത്ത് നൽകിയത് തീർത്തും ദുരുദ്ദേശ്യപരമാണ്.
എസ്ഐസി പ്രസിഡന്റ് ഉബൈദുല്ല തങ്ങളുടെയും ജനറൽ സെക്രട്ടറി റാഫി ഹുദവിയുടേയും നിലപാടിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായി നേതാക്കൾ അറിയിച്ചു. ഹമീദ് ഫൈസി അമ്പലക്കടവിനെയും സാലിം ഫൈസിയെയും പോലോത്ത സമുന്നതരായ നേതാക്കളെ അപകീർത്തി പെടുത്താനുള്ള ശ്രമം പ്രവർത്തകർ തിരിച്ചറിയുമെന്നും എസ്‌ഐസി സൗദി നാഷണൽ പ്രവർത്തക സമിതി അംഗങ്ങളായ ഫരീദ് ഐക്കരപ്പടി, മാനു തങ്ങൾ, റാഷിദ് ദാരിമി, ശിഹാബുദ്ധീൻ ബാഖവി,സുലൈമാൻ ഖാസിമി, ഹംസ ഫൈസി,അബൂബക്കർ താമരശ്ശേരി, അബ്ദുസ്സലാം കൂടരഞ്ഞി, അഷ്‌റഫ് തില്ലങ്കേരി, മുബഷിർ അരീക്കോട് എന്നിവർ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.