പാലക്കാട്: ജപ്‌തി നടപടിയെ തുടർന്ന് യുവതി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട് പട്ടാമ്പിയിലാണ് ഇന്ന് ഉച്ചയോടെ സംഭവം നടന്നത്. കീഴായൂർ സ്വദേശി ജയയാണ് (48) ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
ഷൊർണൂർ സഹകരണ അർബൻ ബാങ്കിൽ നിന്നും വീട് ജപ്‌തി ചെയ്യുന്നതിന് ഉദ്യോഗസ്ഥർ ജയയുടെ വീട്ടിൽ എത്തിയിരുന്നു. തുടർന്നാണ് ജയ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. യുവതിക്ക് എൺപത് ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. യുവതിയെ തൃശൂർ മെഡിക്കൽ പ്രവേശിപ്പിച്ചു. പോലീസും തഹൽസിദാറും ഉൾപ്പടെയുള്ള ഉഗ്യോഗസ്ഥർ സ്ഥലത്തെത്തി ജപ്‌തി നടപടികൾ നിർത്തിവെച്ചു.
ജയയും കുടുംബവും സഹകരണ അർബൻ ബാങ്കിൽ നിന്നും 2015ൽ രണ്ട് ലക്ഷം രൂപ വായ്‌പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് ജപ്‌തി നടപടിയുമായി മുന്നോട്ട് പോയത്. കൃത്യമായ നടപടി ക്രമങ്ങൾ പാലിച്ചാണ് ജപ്‌തി നടപടികളുമായി മുന്നോട്ട് പോയതെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.