ജിദ്ദ: കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ആന്ത്രാഷ്‍ട്ര വടംവലി മത്സരത്തിൽ ആർ മാക്സ് ലൈറ്റിങ് റെഡ് അറേബ്യ ടീം ജേതാക്കളായി. ഖാലിദ് ബിൻ വലീദ് അൽ റുസൂഖ് സ്റ്റേഡിയത്തിൽ നടന്ന മത്സരം കാണാൻ ആയിരങ്ങളാണ് തടിച്ചു കൂടിയത്. കായിക ശക്തി തെളിയിച്ചു സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നും യുഎഇയിലെയും ശക്തരായ 14 ടീമുകൾ മാറ്റുരച്ച മത്സരം ബെസ്‌റ്റ് ഓഫ് ത്രീ അടിസ്ഥാനത്തിലാണ് നടന്നത്.
ഒന്നാം സ്ഥാനം നേടിയ ടീമിന് 10,001 റിയാൽ കാശ് പ്രൈസും നൽകി. പിഎംവൈകെ ടീം മുണ്ടുപറമ്പാണ് രണ്ടാം സ്ഥാനം നേടിയത്. കെഎംസിസി നിലമ്പൂർ മണ്ഡലം ടീം മൂന്നാം സ്ഥാനവും സ്റ്റാർ അലൈൻ യുഎഇ കനേഡിയൻ ബ്രദേഴ്‌സ് ടീം നാലാം സ്ഥാനവും നേടി. ട്രോഫിക്ക് പുറമെ 6,001, 4,001, 2,001 റിയാൽ വീതം കാശ് മണി യഥാക്രമം എല്ലാ ടീമുകൾക്കും നൽകി.
മത്സരത്തിലെ മികച്ച കളിക്കാരനായി സിറാജ് വഴിക്കടവ് (പിഎംവൈകെ ടീം മുണ്ടുപറമ്പ്) ഷാജഹാൻ വെങ്ങാട്, നജ്മുദീൻ (ആർ മാക്സ് ലൈറ്റിങ് റെഡ് അറേബ്യ ടീം), ഷംനാദ് നിലമ്പൂർ (കെഎംസിസി കനിവ് റിയാദ്), വിബിൻ വയനാട് (സ്റ്റാർ അലൈൻ യുഎഇ കനേഡിയൻ ബ്രദേഴ്‌സ്), നൗഷാദ് മണ്ണാർക്കാട് (കെഎംസിസി നിലമ്പൂർ ബാക്ക്സ്റ്റാർ അൽ ഐൻ), മികച്ച കോച്ചായി നിയാസ് മുത്തേടത്തെയും (ആർ മാക്സ് ലൈറ്റിങ് റെഡ് അറേബ്യ) തെരെഞ്ഞെടുത്തു.
മത്സരം കെഎംസിസി നാഷണൽ പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ ഉത്ഘാടനം ചെയ്തു. ജിദ്ദ സെൻട്രൽ ആക്ടിങ് പ്രസിഡൻറ് സി കെ റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സികെ സാക്കിർ, അഹമ്മദ് പാളയാട്ട്, നിസാം മമ്പാട്, അൻവർ ചേരങ്കൈ, ഇസ്‌മായീൽ മുണ്ടക്കുളം, നാസർ വെളിയംകോട്, മുജീബ് പൂക്കോട്ടൂർ, ജോയ് മൂലൻ (വിജയ് മസാല), ജംഷീർ (അൽ വഫ സൂപ്പർ മാർക്കറ്റ്) ഹക്കീം പാറക്കൽ (ഒഐസിസി) ഷിബു തിരുവനന്തപുരം (നവോദയ) ആശംസകൾ നേർന്നു. വിപി മുസ്തഫ സ്വാഗതവും സകരിയ ആറളം നന്ദിയും പറഞ്ഞു