കോഴിക്കോട്: കോഴിക്കോട് കണ്ണൂർ ജില്ല അതിർത്തിയിൽ വാഴമാലയിൽ വൻ തീപിടുത്തം. കണ്ടിവാതുക്കൾ അഭയഗിരിയിലാണ് 50 ഏക്കറോളം കൃഷി ഭൂമി കത്തിനശിച്ചത്. റബ്ബർ, തെങ്ങ്, വാഴ തുടങ്ങിയ കൃഷികളും ഇടവിളകളുമാണ് കത്തിനശിച്ചത്.
കണ്ണൂർ ജില്ലയോട് ചേർന്ന ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം തീ പടർന്നിരുന്നു. വനം വകുപ്പും നാട്ടുകാരും ചേർന്ന് തീ അണച്ചിരുന്നു. ഇന്ന് രാവിലെ കോഴിക്കോട് ഭാഗത്തേക്ക് തീ പടർന്നു കയറുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.
പാനൂരിൽ നിന്നും അഗ്നി ശമനസേന എത്തിയെങ്കിലും കാടിന്റെ ഉള്ളിലേക്ക് കയറാൻ സാധിച്ചില്ല. റോഡിന് ചേർന്നുള്ള ഭാഗങ്ങളിലെ തീ മാത്രമേ അഗ്നി ശമനസേനക്ക് അനക്കാൻ സാധിച്ചുള്ളൂ. ഉയർന്ന ഭാഗങ്ങളിലെല്ലാം നാട്ടുകാർ തന്നെ തീ അണച്ചു. തീ നിയന്ത്രണ വിധേയമായെങ്കിലും നാട്ടുകാരുടെ ആശങ്ക മാറിയിട്ടില്ല. പൽ ഭാഗങ്ങളിൽ നിന്നും തീയും പുകയും ഉയർന്നുകൊണ്ടിരിക്കുന്നുണ്ട്. ഭീമമായ നഷ്ടമാണ് കർഷകർക്ക് സംഭവിച്ചിട്ടുള്ളത്.