അൽഹസ്സ: അസുഖബാധിതനായി സാമ്പത്തിക പ്രതിസന്ധിയിലായ പ്രവാസി നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
ദമാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ചെറിയ ശമ്പളത്തിന് ജോലി ചെയ്തിരുന്ന സുരേഷിന് ഒരു മാസം മുമ്പാണ് കുടലിൽ പഴുപ്പ് ബാധിച്ചു കിടപ്പിലായത്. ഇക്കാമയോ, ഇൻഷുറൻസോ ഇല്ലാത്തതിനാൽ ആശുപത്രി ചികിത്സ ബുദ്ധിമുട്ടായി വന്നു. തുടർന്ന് നവയുഗം പ്രവർത്തകനും നോർക്ക കൺവീനറുമായ സുജി കോട്ടൂരിന്റെ സഹായം സുരേഷ് തേടിയത്.
സുജി കോട്ടൂരിന്റെ അഭ്യർത്ഥന പ്രകാരം നവയുഗം സുരേഷിന്റെ കേസ് ഏറ്റെടുക്കുകയായിരുന്നു. നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, നവയുഗം ജീവകാരുണ്യപ്രവർത്തകരായ ജലീൽ കല്ലമ്പലം, സിയാദ് പള്ളിമുക്ക് തുടങ്ങിയവരുടെ സഹായത്തോടെ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്‌ധ ചികിത്സയുടെ ഫലമായി അസുഖത്തിന് ആശ്വാസം വരികയും ചെയ്‌തു.
എന്നാൽ ഇൻഷുറൻസ് ഇല്ലാത്തതിനാൽ ഭീമമായ ചികിത്സ ചിലവ് വഹിക്കാൻ കഴിയാതെ സുരേഷ് വീണ്ടും പ്രയാസത്തിലായി. തുടർന്ന് ഷാജി മതിലകം ആശുപത്രി അധികൃതരുമായി സംസാരിച്ച് ബിൽ തുക മൂന്നിലൊന്നായി കുറയ്ക്കുകയും ചെയ്തു. നവയുഗം അൽ ഹസ മേഖല ഷുഖൈഖ് യൂണിറ്റ് കേന്ദ്രീകരിച്ചു ചികിത്സാസഹായ ഫണ്ട് സ്വരൂപിച്ചു ബാക്കിയുള്ള 37000 റിയാലോളമുള്ള ആശുപത്രി ബില്ല് അടച്ചു.
പ്രതിസന്ധികളിൽ ചേർത്തുപിടിച്ച നവയുഗം ജീവകാരുണ്യ പ്രവർത്തകരോടും, സഹായിച്ച സുമനസ്സുകളോടും നന്ദി പറഞ്ഞുകൊണ്ട് സുരേഷ് നാട്ടിലേക്ക് മടങ്ങി.