റിയാദ്: കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടിന് റിയാദിൽ സ്വീകരണം നൽകി. റിയാദിലെ മാധ്യമപ്രവർത്തകരും പൗരപ്രമുഖരും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും സംബന്ധിച്ച പരിപാടിയിലായിരുന്നു സ്വീകരണം.
ഹജ്ജ് കമ്മിറ്റി ചെയർമാൻ ചുമതലയേറ്റ ശേഷം ആദ്യമായാണ് ഡോ. ഹുസൈൻ സഖാഫി റിയാദിലെത്തുന്നത്. സൗദിയിൽ സ്വകാര്യ സന്ദർശത്തിനെത്തിയ ചെയർമാൻ ജിദ്ദയിലെ ഇന്ത്യൻ കോൺസുലർ ജനറലിനെ കാണും. ഇന്ത്യൻ ഹജജ് തീർഥാടകർ അനുഭവിക്കുന്ന വിവിധ വിഷയങ്ങൾ കോൺസൽ ജനറലുമായി ചർച്ച ചെയ്യുമെന്ന് മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
തീർഥാടകാരെ തിരിച്ചറിയുന്നതിന് നൽകുന്ന നുസ്‌ക് കാർഡുകൾ ലഭിക്കാൻ വൈകിയത് കഴിഞ്ഞ വർഷത്തിൽ തീർഥാടകർക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. അതേപോലെ ഹജ്ജ് മിഷന്റെ ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന രോഗികൾക്ക് പ്രെസ്‌ക്രിപ്‌ഷൻ തിരിച്ചു നൽകാത്തത് തുടർ ചികിത്സയെ സാരമായി ബാധിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ഈ വിഷയങ്ങളും കോൺസുലർ ജനറലിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
റിയാദ് ഡി പാലസ് ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഹമ്മദ്‌കുട്ടി സഖാഫി ഒളമതിൽ അധ്യക്ഷനായിരുന്നു. ശിഹാബ് കൊട്ടുകാട്, ഡോക്ടർ തമ്പി, ഡോ. അബ്ദുൽ അസീസ്, ഷമീർ ഫ്ലക്സി, ഷുഹൈബ് പനങ്ങാങ്ങര, സജീർ ഫൈസി, രഘുനാഥ് പറശിനിക്കടവ്, ഫൈസൽ കൊണ്ടോട്ടി, നസ്രുദീൻ വിജെ, നജീം കൊച്ചുകലുങ്ക്, ഷംനാദ് കരുനാഗപ്പള്ളി തുടങ്ങി പ്രമുഖർ സംബന്ധിച്ചു. ഇബ്രാഹീം കരീം വെന്നിയൂർ സ്വാഗതവും അബ്ദുൽ ഖാദർ പള്ളിപ്പറമ്പ് നന്ദിയും പറഞ്ഞു.