തിരുവനന്തപുരം: സർക്കാരിന്റെ അവഗണക്കെതിരെ സമരം ശക്തമാക്കി ആശാ വർക്കർമാർ. സെക്രട്ടേറിയറ്റിന് മുന്നിലെ റോഡ് ആശാവർക്കർമാർ ഉപരോധിച്ചു. ആശാ വർക്കർമാർ പ്രകടമായി എത്തിയതോടെ പോലീസ് സെക്രെട്ടറിയേറ്റ് പരിസരം അടച്ചുപൂട്ടി. വിവിധ ജില്ലകളിൽ നിന്നും ആശാ വർക്കർമാർ ഉപരോധത്തിന് എത്തിയിരുന്നു. ഗേറ്റിന്റെ പ്രധാന കവാടത്തിൽ കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരുന്നത്. നൂറു കണക്കിന് പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.
വേതനവർധനയടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ആശാ വർക്കർമാരുടെ സമരം 35 ദിവസം പിന്നിട്ടിരിക്കുകയാണ്. വിവിധ സന്നദ്ധ സംഘടനകളൂം സമരത്തിൽ പങ്കു ചേരുമെന്നറിയുന്നു. അതേ സമയം ഉപരോധ സമരം നടക്കുന്ന ഇന്ന് നാഷണൽ ഹെൽത്ത് മിഷന്റെ ഏകദിന പരിശീലന പരിപാടിയും സർക്കാർ സംഘടിപ്പിച്ചിട്ടുണ്ട്.
പാലിയേറ്റിവ് കെയർ ഗ്രിഡ്, പാലിയേറ്റിവ് കെയർ ആക്ഷൻ പ്ലാൻ എന്നിവ സംബന്ധിച്ചുള്ള പരിശീലനമാണ് ഇന്ന് ഷെഡ്യൂൾ ചെയ്‌തത്. തുരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലാണ് ഇന്ന് പരിശീലനം നടക്കുന്നത്. പങ്കെടുക്കുന്നവരുടെ ഹാജർനില മെഡിക്കൽ ഓഫീസർ പരിശോധിച്ച് ഇന്ന് തന്നെ റിപ്പോർട്ട് നൽകാനും സർക്കാർ നിർദ്ദേശിച്ചു.
സമരം പൊളിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതിന് പിന്നലെന്നാണ് ആശാ വർക്കർമാർ ആരോപിക്കുന്നത്. നാഷണൽ ഹെൽത്ത് മിഷൻ സർക്കാരിൻറെ ചട്ടുകമാവരുതെന്നും അവർ ആവശ്യപ്പെട്ടു.