മൂന്നാം ദിനവും കോഴിക്കോട് മെഡിക്കൽ കോളജിൽ വെള്ളമില്ല; ദുരിതമൊഴിയാതെ രോഗികൾ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കുടിവെള്ള പ്രതിസന്ധി മൂന്നാം ദിവസവും തുടരുന്നു. കുറ്റിക്കാട്ടൂരിൽ വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടിയതാണ് ആയിരക്കണക്കിന് രോഗികൾ എത്തുന്ന ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ മുടങ്ങിയ ജലവിതരണം പുനഃസ്ഥാപിക്കാൻ ഇതുവരെ സാധിക്കാത്തത് രോഗികളെയും കൂട്ടിരിപ്പുകാരെയും ഒരുപോലെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കുടിവെള്ളത്തിനും പ്രാഥമിക ആവശ്യങ്ങൾക്കും പോലും വെള്ളമില്ലാതെ വാർഡുകളിൽ കഴിയുന്നവർ വലയുകയാണ്.

ടാങ്കറുകളിൽ വെള്ളമെത്തിച്ച് പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് ആവശ്യത്തിന് തികയുന്നില്ലെന്നാണ് പരാതി. ഒരു ബക്കറ്റ് വെള്ളത്തിനായി മണിക്കൂറുകളോളം വരിനിൽക്കേണ്ട അവസ്ഥയിലാണ് രോഗികൾ. പൈപ്പ് പൊട്ടിയ വിവരം മുൻകൂട്ടി അറിഞ്ഞിട്ടും മെഡിക്കൽ കോളജ് അധികൃതർ ആവശ്യമായ ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടതാണ് ഇത്രയും വലിയ ദുരിതത്തിന് കാരണമായതെന്ന് ആക്ഷേപമുണ്ട്. ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള ആശുപത്രിയുടെ സുപ്രധാന സേവനങ്ങളെയും ജലക്ഷാമം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എത്രയും വേഗം പൈപ്പ് നന്നാക്കി ജലവിതരണം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.

 

Related Articles

- Advertisement -spot_img

Latest Articles