41.6 C
Saudi Arabia
Friday, August 22, 2025
spot_img

മഴ വഴിമാറി; ആയിരങ്ങൾക്ക് ഇഫ്‌താർ വിരുന്നൊരുക്കി കേളി

റിയാദ് : മൂടിക്കെട്ടിയ കാർമേഘങ്ങൾക്കിടയിലും പ്രവർത്തകരുടെ ദൃഢനിശ്ചയത്തിന് മുന്നിൽ, മഴ വഴിമാറി ആയിരങ്ങൾക്ക് ഇഫ്‌താർ വിരുന്നൊരുക്കി കേളി കലാ സാംസ്ക്കാരിക വേദി. കേളി കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തിൽ മലാസ് ലുലു ഹൈപ്പർ റൂഫ് അരീനയിൽ 3500 ൽ പരം പേർക്കായി ഒരുക്കിയ ഇഫ്‌താർ വിരുന്ന് സംഘാടന മികവ് കൊണ്ട് ശ്രദ്ധേയമായി.

രാവിലെ ഒൻപത് മണിയോടെ ആരംഭിച്ച ഒരുക്കങ്ങൾക്കിടയിൽ രണ്ട് തവണ മിതമായ രീതിയിൽ മഴ പെയ്തു എങ്കിലും ദൃഢനിശ്ചയവും, ഇച്ഛാശക്തിയും കൊണ്ട് പ്രവർത്തകർ, പ്രവർത്തനങ്ങളിൽ മുഴുകി. മൂന്നുമണിയോടെ തെളിഞ്ഞ കാലാവസ്ഥയിൽ പരവതാനി വിരിച്ചും വിരുന്നിനാവശ്യമായ വിഭവങ്ങൾ നിരത്തിയും ഇഫ്‌താറിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നു. ഒരുക്കങ്ങൾ പൂർത്തിയാക്കി 5.30 ന്ന് സംഘാടകരെ ആശങ്കയിലാക്കികൊണ്ട് ചാറ്റൽ മഴ വന്നെങ്കിലും പത്ത് മിനിറ്റിനകം മാനവും, വിരുന്നിനെത്തിയവരുടേയും സംഘാടകരുടെയും മനസ്സും തെളിയിച്ചുകൊണ്ട് കാർമേഘങ്ങൾ വഴിമാറി. പിന്നീടുള്ള 10 മിനിറ്റിനകം ഒരുക്കിയ 3400 ഇരിപ്പിടവും നിറഞ്ഞു കവിഞ്ഞു.

വിരുന്നിനെത്തിയവർ കേളി പ്രവർത്തകരുടെ അർപ്പണ മനോഭാവത്തേയും സംഘാടന മികവിനെയും മുക്തകണ്ഠം പ്രശംസിച്ചു. ഏറ്റവും തിരക്കേറിയ ഓഫർ സെയിൽ നടക്കുന്ന ലുലുവിന് യാതൊരു വിധ തടസ്സങ്ങളും സൃഷ്ടിക്കാതെ ഒരു മണിക്കൂറിനകം പരിപാടി നടന്ന ഇടം കേളിയുടെ നൂറുകണക്കിന് വോളണ്ടിയർരുടെ കഠിന പരിശ്രമത്തിലൂടെ വൃത്തിയാക്കി നൽകിയത് ലുലു മാനേജ്മെൻ്റിനെ അത്ഭുതപ്പെടുത്തി. പൊങ്കാല കഴിഞ്ഞ തിരുവനന്തപുരം നഗരത്തെ ഓർമിപ്പിക്കും വിധമായിരുന്നു കേളി പ്രവർത്തകരുടെ ഇടപെടൽ എന്ന് സമൂഹം അഭിപ്രായപ്പെട്ടു.

കേളി രക്ഷാധികാരി സമിതി ആക്ടിംഗ് സെക്രട്ടറി ഫിറോസ് തയ്യിൽ, ഇഫ്‌താർ സംഘാടക സമിതി കൺവീനർ പ്രഭാകരൻ കണ്ടൊന്താർ, ചെയർമാൻ സുരേന്ദ്രൻ കൂട്ടായ്, ട്രഷറർ സുനിൽ സുകുമാരൻ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, കേളി ട്രഷറർ ജോസഫ് ഷാജി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കേളി രക്ഷാധികാരി സമിതി അംഗങ്ങൾ, കേന്ദ്ര കമ്മറ്റി അംഗങ്ങൾ, കുടുംബവേദി പ്രവർത്തകർ, വിവിധ ഏരിയായിലെ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പ്രവർത്തനം ഇഫ്‌താർ വൻ വിജയമാക്കി. റിയാദിലെ സാമൂഹിക, രാഷ്ട്രീയ, വ്യാപാര, മാധ്യമ രംഗത്തെ പ്രമുഖരും, എംബസി ഉദ്യോഗസ്ഥന്മാരും സ്വദേശികളും വിവിധ രാജ്യക്കാരായ പ്രവാസികളും വിരുന്നിൽ പങ്കാളികളായി.

Related Articles

- Advertisement -spot_img

Latest Articles