ജിദ്ദ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ജിദ്ദയിൽ ഊഷ്മള സ്വീകരണം. ചൊവ്വാഴ്ച്ച ഉച്ചക്ക് 12.40 നാണ് ജിദ്ദ വിമാനത്താവളത്തിലിറങ്ങിയ മോഡിക്ക് ഉജ്ജ്വല വരവേൽപ്പാണ് സൗദി ഭരണകൂടം നൽകിയത്. മക്ക ഡെപ്യൂട്ടി ഗവർണർ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് അൽ സഊദ് വിമാനത്താവളത്തിൽ മോഡിയെ സ്വീകരിച്ചു.
രാവിലെ ഒൻപത് മണിക്ക് ന്യൂഡൽഹിയിൽ നിന്നും പുറപ്പെട്ട പ്രധാനമന്ത്രിയോടൊപ്പം വിദേശ കാര്യമന്ത്രി എസ ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി ഉൾപ്പടെ 11 അംഗ ഉന്നതതല സംഘവും ഉണ്ടായിരുന്നു. പ്രധാനമന്ത്രിയെയും സംഘത്തിൻറെയും വിമാനം സൗദി വ്യോമാതിർത്തിയിലെത്തിയപ്പോൾ സൗദി എയർഫോയ്‌സിന്റെ വിമാനങ്ങൾ അകമ്പടി നൽകി പൂർണ്ണ പ്രോട്ടോകോൾ ബഹുമതി നൽകിയാണ് സ്വീകരിച്ചത്.
1982ലെ ഇന്ദിരാ ഗാന്ധിയുടെ ജിദ്ദ സന്ദർശനത്തിന് ശേഷം ജിദ്ദ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്. മോഡിയുടെ മൂന്നാമത്തെ സൗദി സന്ദർശനം കൂടിയാണിത്. സ്വീകരണശേഷം കാൾട്ടൻ ഹോട്ടലിൽ ക്ഷണിക്കപ്പെട്ട ഇന്ത്യൻ സാമൂഹിക പ്രതിനിധികളുമായി മോഡി സംവദിച്ചു.
സൗദി കിരീടാവകാശിയുടെ പ്രത്യേക ക്ഷണമനുസരിച്ചാണ് രണ്ട് ദിവസത്തെ സന്ദർശനത്തിന് മോഡി എത്തുന്നത്. മൂന്നാം തവണ സൗദിയിലെത്തുന്ന പ്രധാനമന്ത്രി മോഡി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി 3.30 മുതൽ 6.30 വരെ ജിദ്ദ അൽ സലാം പാലസിൽ കൂടിക്കാഴ്‌ച നടത്തും. കിരീടാവശിയുമായുള്ള കൂടിക്കാഴ്‌ച തന്നെയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ..
സ്വാകാര്യ മേഖലയിൽ ഹജ്ജ് ക്വോട്ട വെട്ടികുറച്ചതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ജിദ്ദയിലെ ഇന്ത്യൻ തൊഴിലാളികളുമായി സംവദിക്കാനും നിയോം ഉൾപ്പടെയുള്ള പുതിയ പ്രൊജെക്ടുകൾ സന്ദർശിക്കാനുമുള്ള പദ്ധതികൾ പ്രധാനമന്ത്രിക്ക് ഉള്ളതായി അറിയുന്നു. നരേന്ദ്ര മോഡിയുടെ സന്ദർശനം ഇന്ത്യ സൗദി ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാവുമെന്ന് വിലയിരുത്തപ്പെടുന്നു.