26.5 C
Saudi Arabia
Monday, July 7, 2025
spot_img

വോട്ടിന് യോഗ്യതയില്ലങ്കിലും വോട്ടർമാരുടെ കയ്യിൽ മഷി പുരട്ടാൻ യോഗ്യനാക്കി. വോട്ടർമാരുടെ കയ്യിൽ മഷി പുരട്ടാൻ നിന്ന വിദ്യാർത്ഥിനിക്ക് കയ്യില്‍ പഴുപ്പ്

കോഴിക്കോട് : വോട്ടർമാരുടെ വിരലിൽ മഷി പുരട്ടുന്ന ജോലി ചെയ്ത  വിദ്യാർഥിനിയുടെ കൈവിരൽ പഴുപ്പു ബാധിച്ച് ഗുരുതരാവസ്ഥയിലായി. ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർ കൂടിയായ പ്ലസ് വൺ വിദ്യാർഥിനിയാണ് വോട്ടില്ലെങ്കിലും പോളിങ് ഓഫിസർമാർ നിർവഹിക്കേണ്ട ജോലി ചെയ്ത് ദുരിതത്തിലായത്. ഫാറൂഖ് കോളജ് എഎൽപി സ്കൂളിലെ 93ാം നമ്പർ ബൂത്തിലാണ് സംഭവം നടന്നത്

മഷി പുരട്ടാൻ ലഭിച്ച ചെറിയ ബ്രഷുകൊണ്ട് ഇത്തരം ജോലി ചെയ്ത് ശീലമില്ലാത്ത കുട്ടിയുടെ വിരലുകളിലേക്ക് മഷിപരന്നു. വിരലുകൾക്ക് പുകച്ചിലും മറ്റും വന്നപ്പോൾ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും സാരമില്ലെന്ന മറുപടിയാണത്രെ ലഭിച്ചത്. ഉച്ചക്ക് രണ്ടുമണി വരെ തന്റെ ഊഴം പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിനിയുടെ കൈവിരലുകളിൽ പഴുപ്പ് ബാധിക്കുകയായിരുന്നു. കന്നി വോട്ടു പോലും ചെയ്യാത്ത കുട്ടിയെ സിൽവർ നൈട്രേറ്റിന്റെ അളവു കൂടുതലുള്ള ഫോസ് ഫോറിക് മഷി ഏൽപ്പിച്ചത് ഗുരുതര വീഴ്ച്ചയാണ്. വിദ്യാർഥിനിയെ മഷി പുരട്ടാൻ ഏൽപിച്ച സംഭവം സ്പെഷൽ ബ്രാഞ്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്​.

പോളിങ് ബൂത്തിലെത്തുന്ന ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് വേണ്ട സഹായം ചെയ്തു കൊടുക്കാനായിരുന്നു ആദ്യം വിദ്യാർഥിനിയെ ചുമതലപ്പെടുത്തിയത്. എന്നാൽ, രാവിലെ പത്തു മണിയോടെ കുട്ടിയെ കൈവിരലിൽ മഷി പുരട്ടുന്ന ജോലി ഏൽപ്പിക്കുകയായിരുന്നു. നഖത്തിലും തൊലിയിലുമായി പുരട്ടിയാല്‍
നാലുമാസം വരെ കഴിഞ്ഞോ പുതിയ നഖവും തൊലിയും വരുന്നതോടുകൂടിയോ മാത്രം മായുന്ന മഷി മൂലം ഉണ്ടായ പഴുപ്പ് മാറണമെങ്കിൽ ചിലപ്പോൾ സർജറി വേണ്ടിവരുമെന്നാണ് ഡോക്ടർ അറിയിച്ചത്.

Related Articles

- Advertisement -spot_img

Latest Articles