34 C
Saudi Arabia
Friday, August 22, 2025
spot_img

പത്ത് കിലോ ഭാരമുള്ള ഗർഭാശയ മുഴ നീക്കം ചെയ്തു.

കോഴിക്കോട്: യുവതിയുടെ വയറ്റില്‍ നിന്നും പത്ത് കിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു. വയറുവേദനയുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിയതായിരുന്നു മലപ്പുറം മുന്നിയൂർ സ്വദേശിയായ 43കാരി യുവതി. മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെയാണ് ഗര്‍ഭാശയ മുഴ നീക്കം ചെയ്തത്. 36 സെന്റീമീറ്റര്‍ നീളവും 33 സെന്റീമീറ്റര്‍ വീതിയുമുള്ള ഗര്‍ഭാശയമുഴ നീണ്ട മൂന്ന് മണിക്കൂര്‍ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. ശസ്ത്രക്രിയക്ക് ശേഷം യുവതി ആരോഗ്യവതിയാണ്.

വയറുവേദനയുമായി ഒരാഴ്ച മുൻപാണ് യുവതി ആശുപത്രിയിലെത്തിയത്. വയറ് വീര്‍ത്തിരിക്കുന്നതല്ലാതെ മറ്റ് രോഗ ലക്ഷണങ്ങളൊന്നും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് ഗര്‍ഭാശയ മുഴയാണെന്ന് സ്ഥിരീകരിച്ചത്. രക്തയോട്ടം കൂടുതലുള്ള മുഴയായതിനാല്‍ അതീവ സങ്കീര്‍ണമായിരുന്നു ശസ്ത്രക്രിയ. രക്തസ്രാവം ഉണ്ടാകാതിരിക്കാന്‍ ഗര്‍ഭാശയത്തിലേക്കുള്ള രക്തക്കുഴലുകള്‍ ശസ്ത്രക്രിയയുടെ തുടക്കത്തില്‍ തന്നെ തുന്നിച്ചേര്‍ത്തിരുന്നു. രക്തസ്രാവമുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് ആവശ്യമായ രക്തം ശേഖരിച്ചു വെച്ചിരുന്നവങ്കിലും ഉപയോഗിച്ചിട്ടില്ല.

ഗൈനക്കോളജി വിഭാഗം കാന്‍സര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. സന്തോഷ് കുര്യാക്കോസ്, ഡോ. അമ്മു മോഹന്‍, ഡോ. ഐശ്വര്യ ഗൗതം, ഡോ. അഞ്ജന, അനസ്‌തേഷ്യാ വിഭാഗം ഡോ. ബിനു സാജിദ്, ഡോ. എസ് എ സോനു, സ്റ്റാഫ് നഴ്‌സ് സി എസ് സരിത, സിജിമോള്‍ ജോര്‍ജ്, നഴ്‌സിങ് അസിസ്റ്റന്റ് വി കെ അശോകന്‍ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ജ്യോതി രമേശ് ചന്ദ്രന്‍ മേല്‍നോട്ടം വഹിച്ചു. ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയവരെ ആരോഗ്യമന്ത്രി വീണ ജോർജ് അഭിനന്ദിച്ചു.

Related Articles

- Advertisement -spot_img

Latest Articles