കൊച്ചി: നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 23 വയസുള്ള പെൺകുട്ടി പീഡനത്തിനിരയായ വിവരം കുടുംബം അറിഞ്ഞിരുന്നില്ല. നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് പൊലീസ് നിഗമനം.
ഇന്ന് പുലർച്ചെയാണ് ഫ്‌ളാറ്റിലെ ശുചിമുറിയിൽ പെൺകുട്ടി പ്രസവിക്കുന്നത്. പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തി ബാൽക്കണിയിൽ നിന്ന് അടുത്തുള്ള പറമ്പിലേക്ക് എറിയുകയായിരുന്നു. എന്നാൽ ഉന്നം തെറ്റി കുഞ്ഞിന്റെ മൃതദേഹം റോഡിൽ വീഴുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള പെൺകുട്ടിക്ക് വൈദ്യസഹായം നൽകേണ്ടതുണ്ട്.
കുഞ്ഞിനെ പൊതിഞ്ഞ ആമസോൺ ഡെലിവറി കവറിൽ കവറിലെ വിലാസം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസിന് പെട്ടെന്ന് കുടുംബത്തെ കണ്ടെത്താനായത്. പതിനഞ്ച് വർഷമായി കുടുംബം അവിടെ താമസിക്കുന്നുണ്ട്.
രാവിലെ എട്ടു മണിയോടെയാണ് കൊച്ചി പനമ്പിള്ളിയിലെ വിദ്യാനഗറിലെ ഫ്‌ളാറ്റിനു മുന്നിൽ നിന്ന് നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തിയത്. നടുറോഡിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.