കോഴിക്കോട് : കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ശനിയാഴ്ച്ച പുലർച്ചെ 2:30 നും ഞായറാഴ്ച്ച രാവിലെ 11.30 നും ഇടയിൽ കള്ളകടൽ പ്രതിഭാസം ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫോർമേഷൻ സർവീസ് (ഇൻകോസിസ്) അറിയിച്ചു. അര മീറ്റർ മുതൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യത ഉണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഈ സമയങ്ങളിൽ ഇവിടെ സന്ദർശിക്കുന്നതിൽ നിന്ന് ജനങ്ങൾ വിട്ട് നിൽക്കണമെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റിയും ആവശ്യപ്പെട്ടു.
മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്ന നിര്‍ദേശവുമുണ്ട്.
സമുദ്രത്തിൽ വിദൂരമായി ഉണ്ടാകുന്ന ചുഴലിക്കാറ്റ് തീരത്തെത്തി വൻ തിരമാലകൾ ആയി മാറുന്നതാണ് കള്ളക്കടൽ പ്രതിഭാസം. കരയിലേക്ക് മഴയോ കാറ്റോ വരാതെ തന്നെ തിര ഉയർന്നുപൊങ്ങും. അപ്രതീക്ഷിതമായി തിരകൾ അടിച്ചുകയറി തീരത്തെ കവർന്നെടുക്കുന്നതിനാലാണ് തീരദേശവാസികൾ ഈ പ്രതിഭാസത്തെ കള്ളക്കടൽ എന്നുവിളിക്കുന്നത്.