രത്ലാം : ദലിതര്‍ക്കും പിന്നാക്ക-ഗോത്ര വിഭാഗങ്ങള്‍ക്കും കൂടുതൽ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ജാതിസംവരണം 50 ശതമാനത്തില്‍നിന്ന് ഉയര്‍ത്തുമെന്ന് രാഹുല്‍ ഗാന്ധി. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയും ആര്‍എസ്എസും ഭരണഘടന ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും അത് സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ജലത്തിലും വനത്തിലും ഭൂമിയിലും ജനങ്ങള്‍ക്ക് അവകാശം നല്‍കുന്നതാണ് നമ്മുടെ ഭരണഘടന. അതെല്ലാം നീക്കം ചെയ്യാനാണ് നരേന്ദ്രമോദി ആഗ്രഹിക്കുന്നത്.
അധികാരത്തിലെത്തിയാല്‍ ഭരണഘടന തിരുത്തുമെന്ന് ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ പറഞ്ഞു.
ആ ലക്ഷ്യത്തിനു വേണ്ടിയാണ് 400 സീറ്റുകള്‍ എന്ന മുദ്രാവാക്യം അവര്‍ ഉയര്‍ത്തിയത് എന്നാല്‍ അവര്‍ക്ക് 150 സീറ്റു പോലും കിട്ടുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംവരണം നിര്‍ത്തലാക്കുമെന്നാണ് ബിജെപി പറയുന്നതെങ്കില്‍ ഞങ്ങള്‍ അധ്ികാരത്തിലെത്തിയാല്‍ സംവരണം 50 ശതമാനത്തില്‍ അധികമായി ഉയര്‍ത്തും. പാവപ്പെട്ടവര്‍ക്കും പിന്നാക്കക്കാര്‍ക്കും ദലിതുകള്‍ക്കും ആദിവാസികള്‍ക്കും അവര്‍ക്കാവശ്യമുള്ള സംവരണം നല്‍കുമെന്നും രാഹുല്‍ വ്യക്തമാക്കി.