റിയാദ്: സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ വേതനം ‘മുസാനിദ്’ പ്ലാറ്റ്ഫോം വഴി ഡിജിറ്റല്‍ വാലറ്റുകളിലൂടെയും അംഗീകൃത ബാങ്കുകളിലൂടെയുമായിരിക്കും ഇനി ലഭ്യമാക്കുക. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേതനവും സേവനവും നല്‍കുന്ന രീതികള്‍ സുതാര്യവും സുഗമവുമാക്കാന്‍ ‘വേതന സംരക്ഷണ’ സേവനം ഔദ്യോഗികമായി ആരംഭിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
2024 ജൂലൈ ഒന്ന് പുതിയ കരാറുകള്‍ക്ക് കീഴില്‍ വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഈ സേവനം ബാധകമാകും. ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം അനുസരിച്ച് ഘട്ടംഘട്ടമായാണ് ഇത് നടപ്പാക്കുക. നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളുള്ള തൊഴിലുടമകള്‍ക്ക് 2025 ജനുവരി ഒന്നിനും മൂന്ന് തൊഴിലാളികളുള്ളവര്‍ക്ക് 2025 ജൂലൈ ഒന്നിനും രണ്ട് തൊഴിലാളികള്‍ ഉള്ളവര്‍ക്ക് 2025 ഒക്ടോബര്‍ ഒന്നിനും പദ്ധതി ബാധകമാകും. 2026 ജനുവരി ഒന്നിനകം എല്ലാ ഗാര്‍ഹിക ജോലിക്കാരെയും പദ്ധതിയിലുള്‍പ്പെടുത്തുമെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
ഗാര്‍ഹിക തൊഴില്‍ സേവനങ്ങള്‍ക്കായുള്ള ദേശീയ പ്ലാറ്റ്ഫോമായ മുസാനിദ് വഴി ഈ സേവനം 2022 ഏപ്രില്‍ ഒന്ന് മുതല്‍ ലഭ്യമാണെങ്കിലും ജൂലൈ ഒന്ന് മുതലാണ് ഔദ്യോഗികമായി പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് ികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നും ബന്ധപ്പെട്ട കക്ഷികളില്‍ നിന്നും ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഔദ്യോഗിക ചാനലുകളിലൂടെ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം നല്‍കുന്ന സേവനത്തില്‍ തൊഴിലുടമക്ക് ഒട്ടേറെ പ്രയോചനങ്ങള്‍ ലഭിക്കും. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയത് സ്ഥിരീകരിക്കാന്‍ പദ്ധതി പ്രയോജനപ്പെടുന്നു. കരാറിന്റെ അവസാനത്തിലോ തൊഴിലാളിയുടെ യാത്രവേളയിലോ തൊഴിലാളിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ തൊഴിലുടമക്ക് ഇതുവഴി സാധിക്കുന്നു. തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ പദ്ധതി ഇരു കക്ഷികളെയും സംരക്ഷിക്കുകയും ചെയ്യും.



