കൊച്ചി: അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്തു നടത്തിയ സംഭവത്തിൽ ഒരു മലയാളി കൂടി അറസ്റ്റിൽ. ആലുവ എടത്തല സ്വദേശി സജിത് ശ്യമിനെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. സംഘത്തിലെ പ്രധാനിയെന്ന് കരുതുന്ന ഇറാനിലെ മലയാളി ഡോക്ടറിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
അവയവ കടത്ത് സംഘത്തിന്റെ സാമ്പത്തിക ഇടപാടുകൾ എല്ലാം കൈകാര്യം ചെയ്തിരുന്ന സജിത്ത് ശ്യാം ആണ് പിടിയിലായത്. സംഘത്തിലുള്ള സാബിത്ത് നാസറിനെ കഴിഞ്ഞ ദിവസം നെടുമ്പശേരി വിമാനത്താവളത്തിൽ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലാണ് സജിത്തിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. കൊച്ചി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനടുത്താണ് സജിത് ശ്യാം താമസിക്കുന്നത്. സംഘത്തിന്റെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് സജിത്തിന്റെ അക്കൗണ്ടിൽ നടന്നതെന്ന് പൊലീസ് പറയുന്നു. മറ്റു സംസ്ഥാനക്കാരുമായി നടത്തിയ പണമിടപാടുകളെ സംബന്ധിച്ചും പൊലീസിനു തെളിവു ലഭിച്ചു.