കോഴിക്കോട്: കേരളത്തിൽ കാലവർഷം കനത്തതോടെ വ്യാപകമായ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. ഇടുക്കി പൂച്ചപ്രയില്‍ ഇന്നലെ രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ കനത്ത നഷ്ടങ്ങളാണുണ്ടായത്. രണ്ടു വീടുകള്‍ക്ക് ഉരുള്‍പൊട്ടലില്‍ കേടുപാടുകള്‍ സംഭവിച്ചു. വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഉരുള്‍പൊട്ടലിൽ വലിയ പാറക്കല്ലുകൾ ജനവാസ മേഖലയിലേക്ക് ഉരുണ്ടുവരികയായിരുന്നു. ഏക്കര്‍ കണക്കിന് കൃഷിയിടങ്ങൾ ഉരുള്‍പൊട്ടലില്‍ നശിച്ചിട്ടുണ്ട്.
കോഴിക്കോട് കൂരാച്ചുണ്ട് കല്ലാനോട് കക്കയത്ത് 28-ാം മൈലില്‍ മണ്ണിടിച്ചിലുണ്ടായി. കക്കയം പേരിയ മലയിലേക്കുള്ള വഴിയിലാണ് മണ്ണിടിഞ്ഞത്. ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ മഴയിൽ ഉണ്ടായ മണ്ണിടിച്ചില്‍ ഇന്നാണ് ശ്രദ്ധയില്‍പ്പെട്ടത്. സമീപത്തുള്ള കോഴിഫാം തകരുകയും നിരവധി കവുങ്ങുകള്‍ നശിക്കുകയും ചെയ്തു. താമസം കുറഞ്ഞ ഭാഗമായതിനാൽ വീടുകള്‍ക്കോ ആളുകൾക്കൊ നാശമുണ്ടായിട്ടില്ല.