ന്യൂദൽഹി: കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് മമത ബാനർജി. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ഇന്ത്യ മുന്നണി നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത പറഞ്ഞു.
400 ലോക്സഭാ സീറ്റുകൾ നേടുമെന്ന് വീമ്പ് പറഞ്ഞവർക്ക് കേവല ഭൂരിപക്ഷം പോലും നേടാൻ കഴിഞ്ഞില്ല. ഈ തട്ടിക്കൂട്ട് സർക്കാറിന് പതിനഞ്ചു ദിവസത്തെ ആയുസ്സ് കാണുമോ എന്നും മമത പരിഹസിച്ചു. ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല.
സിഎഎ റദ്ദാക്കണമെന്ന ആവശ്യം ഇനിയും പാര്‍ലമെന്റില്‍ ഉയർത്തുമെന്ന് മമത വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ചെയർപേഴ്സണായി മമത ബാനർജിയും ലോക്സഭ കക്ഷി നേതാവായി സുദീപ് ബന്ധോപാദ്യായയും തുടരുമെന്ന് അവർ പറഞ്ഞു. കാകോലി ഘോഷാണ് ലോക്സഭ ഡെപ്യൂട്ടി ലീഡർ. കല്യാണ്‍ ബാനർജി ചീഫ് വിപ്പ്. ഡെറിക് ഒബ്രിയാൻ രാജ്യസഭ കക്ഷി നേതാവ്. സാഗരിക ഘോഷ് ഡെപ്യൂട്ടി ലീഡർ പദവിയും വഹിക്കുമെന്ന് മമത അറിയിച്ചു.
രാജ്യത്ത് പുതിയ മുന്നേറ്റത്തിന് ശക്തി പകർന്ന ഇന്ത്യയമുന്നണിയിലെ നേതാക്കളെ മമത അഭിവാദ്യം ചെയ്തു.