ന്യൂദൽഹി: നരേന്ദ്രമോദിയുടെ മൂന്നാം സര്‍ക്കാർ ഇന്ന് രാത്രി 7.15ന് സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ സര്‍ക്കാരില്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തവർ പുതിയ മന്ത്രിസഭയിലുമുണ്ടാവും. 13 പേരാണ് സഖ്യകക്ഷികളില്‍ നിന്ന് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക. 16 എം.പിമാരുള്ള ടിഡിപിയില്‍ നിന്നും 12 എം.പിമാരുള്ള ജെഡിയുവില്‍ നിന്ന് രണ്ട് പേര്‍ വീതം ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ബാക്കിയുള്ള ഒമ്പത് പാര്‍ട്ടികളില്‍ നിന്ന് ഓരോരുത്തരും മന്ത്രിമാരാകും. കാബിനറ്റ് മന്ത്രിസ്ഥാനം നല്‍കാത്തതിനെ തുടര്‍ന്ന് എന്‍സിപി അജിത് പവാര്‍ പക്ഷം മന്ത്രിസഭയില്‍ ചേരില്ലെന്നാണ് അറിയുന്നത്.
സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി നിയുക്ത പ്രധാനമന്ത്രി നടത്തുന്ന ചായസല്‍ക്കാരത്തിലേക്ക് മന്ത്രിമാരായി നിശ്ചയിച്ചവരെ നരേന്ദ്ര മോദി നേരിട്ട് വിളിച്ച് ക്ഷണിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും പാര്‍ട്ടി ദേശീയ സെക്രട്ടറി ജോര്‍ജ് കുര്യനും മോദിയുടെ സൽകാരത്തിൽ പങ്കെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങിനെത്താൻ മോദി ആവശ്യപ്പെട്ടെന്നും ഞാന്‍ അനുസരിക്കുന്നുവെന്നും ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി സുരേഷ് ഗോപി പറഞ്ഞു. അദ്ദേഹത്തോടൊപ്പം ഭാര്യയും മകനും ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ബിജെപിയിലെ 54 പേര്‍ക്കും സഖ്യകക്ഷികളില്‍ നിന്നും 13 പേര്‍ക്കും മൊത്തം 67 പേർക്ക് ക്ഷണം ലഭിച്ചതായി അറിയുന്നു.