ന്യൂദൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻഡിഎ സർക്കാർ അധികാരമേറ്റു. രാഷ്ട്രപതി ദ്രൗപതി മുർമു നിയുക്ത മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.രാഷ്ട്രപതി ഭവൻ അങ്കണത്തിലായിരുന്നു ചടങ്ങ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞക്ക് ശേഷം രാജ്നാഥ് സിംഗ്,അമിത്ഷാ തുടങ്ങിയവർ സത്യപ്രതിജ്ഞ ചൊല്ലി. തുടർച്ചയായി മൂനാം തവണയാണ് മോദി പ്രധാനമന്ത്രിയാകുന്നത്. നേരത്തെ ജവഹർലാൽ നെഹ്റു തുടർച്ചയായി മൂന്ന് തവണ പ്രധാനമത്രിയായിരുന്നു, എണ്ണായിരം പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ത്യാ സഖ്യത്തെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തു.
ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമെസിംഗെ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, സീഷെൽസ് ഉപരാഷ്ട്രപതി അഹമ്മദ് അഫീഫ്, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹാൽ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നാഥ്, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിഗ് തോബ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.