ന്യൂദൽഹി: മൂന്നാം മോദി സർക്കാരിൽ കേരളത്തിൽ നിന്നും രണ്ട് കേന്ദ്രമന്ത്രിമാർ. തൃശൂരിൽ നേടിയ മിന്നും വിജയമാണ് സുരേഷ് ഗോപിയെ മന്ത്രിസ്ഥാനത്തേക്ക് എത്തിച്ചത്. കേരളത്തിന്റെ പ്രതിനിധിയായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തു. അൻപത്തൊന്നാമനായി എത്തിയ സുരേഷ് ഗോപി സഹമന്ത്രിമാരുടെ വിഭാഗത്തിലാണ് പ്രതിജ്ഞ ചൊല്ലിയത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനാണ് രണ്ടാമത്തെ മന്ത്രിസ്ഥാനം ലഭിച്ച രണ്ടാമൻ. രാഷ്ട്രപതി ഭവനിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മോദിയോടൊപ്പം 72 അംഗ മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്.
ആദ്യത്തിൽ 30 കാബിനറ്റ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. സ്വതന്ത്ര ചുമതലയുള്ള ആറ് പേരുണ്ട്. 36 പേർ സഹമന്ത്രിമാരാണ്. രാഷ്ട്രത്തലവന്മാരും വിശിഷ്ടാതിഥികളും എൻഡിഎ നേതാക്കളുമടക്കം എണ്ണായിരത്തോളം പേർ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിനെത്തിയിരുന്നു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാവിലെ രാജ്ഘട്ടും യുദ്ധ സ്മാരകവും അടൽബിഹാരി വാജ്പേയിയുടെ സ്മൃതികുടീരവും സന്ദർശിച്ച ശേഷമാണ് മോദി സത്യപ്രതിജ്ഞയ്ക്കെത്തിയത്.