മലപ്പുറം: സിപിഎമ്മിന്റെ മുസ്ലീം വിരുദ്ധ പ്രചാരണങ്ങള്‍ ബിജെപിയെയാണ് സഹായിക്കുന്നതെന്ന് സ്വാദിഖലി തങ്ങൾ കുറ്റപ്പെടുത്തി. സിപിഎമ്മിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നടത്തിയത്.
മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് വിമര്‍ശനം ഉന്നയിച്ചത്. മുസ്ലീം വിരുദ്ധ ആശയങ്ങളാണ് ബിജെപിക്കുള്ളത്. എന്നാല്‍ ഇപ്പോൾ മതേതര കക്ഷിയായ സിപിഎമ്മും അതേ പാതയിലാണ് മുന്നോട്ട് പോകുന്നതെന്നും തങ്ങൾ പറഞ്ഞു. ബി ജെപി വിതച്ചത് സിപിഎം കൊയ്യുകയാണ്.
വ്യത്യസ്ത മതസംഘടനകളുടെ വര്‍ണക്കടലാസില്‍ പൊതിഞ്ഞാണ് സിപിഎം കേരളത്തില്‍ മാര്‍ക്കറ്റിംഗ് നടത്തുന്നത്. ഇരുതല മൂര്‍ച്ചയുള്ള തന്ത്രങ്ങളാണ് ഇതിനായി പ്രയോഗിക്കുന്നത്. ഫലസ്തീൻ ഉൽപ്പടെയുള്ള മുസ്ലീം വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ടുകൾ നേടുകയാണ് ചെയ്യുന്നത്. എന്നാല്‍ സിപിഎമ്മിന് ഒരു മുസ്ലീം വിരുദ്ധ അജണ്ടയുണ്ടെന്നാണ് തങ്ങളുടെ വിമര്‍ശനം.
ഇടതില്ലെങ്കില്‍ മുസ്ലീംകള്‍ രണ്ടാം തരം പൗരന്മാരാകുമെന്നുള്ള സംസാരം വെറും തമാശയാണ്. രാഷ്ട്രീയ കവലയിലേക്ക് സമസ്തയെ വലിച്ചിഴക്കാന്‍ ശ്രമിച്ച സിപിഎമ്മിന് വലിയ പ്രഹരമാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ സമൂഹം നൽകിയത്. പൊന്നാനിയിലുൾപ്പടെ പല കുതന്ത്രങ്ങള്‍ പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ലെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.