26.8 C
Saudi Arabia
Sunday, March 22, 2026
spot_img

ജനവികാരം മനസിലാക്കാന്‍ കഴിഞ്ഞില്ല; വീഴ്ച സമ്മതിച്ച് സി.പി.എം

തിരുവനന്തപുരം: ജനങ്ങളെ മനസിലാക്കുന്നതില്‍ വന്ന വീഴ്ചയാണെന്ന് ലോക്സഭ തിര‍ഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് തുറന്ന് പറഞ്ഞു സി.പി.എം.  സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നിശ്ചയിക്കുമെന്നും പാർട്ടി  ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലെ  പരാജയം കനത്തതാണ്. കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫുമാണ് ഏറ്റുമുട്ടിയത്. എന്നാല്‍  കേന്ദ്രത്തിൽ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന പ്രതീക്ഷയില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തുവെന്നും എസ്.ഡി.പി.ഐ ജമാഅത്തെ ഇസ്​ലാമി, വോട്ടുകള്‍ യു.ഡി.എഫിന് കിട്ടിയെന്നും അദ്ദേഹം വിശദീകരിച്ചു.

ന്യൂനപക്ഷ, ഈഴവ വോട്ടുകള്‍ ഇടതുപക്ഷത്തിന് നഷ്ടമായി. തുഷാര്‍ വെള്ളാപ്പള്ളി ബി.ഡി.ജെ.എസ് രൂപീകരിച്ചതോടെ എസ്.എന്‍.ഡി.പിയിലേക്ക് ബി.ജെ.പി കടന്നുകയറി. ബി.ജെ.പി ഒരു സീറ്റ് നേടിയത്  ഏറ്റവും വലിയ അപകടമാണ്. ക്രൈസ്തവരില്‍ ഒരു വിഭാഗം ബി.ജെ.പിക്ക് അനുകൂലമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂരിലെ  ക്രൈസ്തവര്‍ക്കിടയിൽ നിന്നാണ് കോണ്‍ഗ്രസിന്‍റെ വോട്ടുചോര്‍ച്ചയുണ്ടായതെന്നും എം.വി ഗോവിന്ദന്‍ വിശദീകരിച്ചു. പിണറായിയെയും കുടുംബത്തെയും മാധ്യമങ്ങള്‍ കടന്നാക്രമിച്ചത്  ജനങ്ങളെ  സ്വാധീനിച്ചു. ഇതും  തോല്‍വിക്ക് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന നാല് മേഖലായോഗങ്ങള്‍ നടത്തുമെന്നും ഏതു വിശ്വാസിക്കും പാര്‍ട്ടിയിലേക്ക് കടന്നുവരാമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles