22.6 C
Saudi Arabia
Friday, October 10, 2025
spot_img

ഹജ്ജ് 2024; നിയമ ലംഘനത്തിന് ചില ഏജൻസികൾ പ്രേരിപ്പിച്ചു-ആഭ്യന്തരമന്ത്രാലയം

മക്ക: ഹജ്ജ് വേളയിൽ നിയമങ്ങള്‍ ലംഘിക്കാന്‍ വിദേശ രാജ്യങ്ങളിലെ ചില ടൂറിസം കമ്പനികള്‍ തീര്‍ഥാടകരെ പ്രേരിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയ വക്താവ് കേണല്‍ ത്വലാല്‍ ശല്‍ഹോബ് പറഞ്ഞു. ഈ കമ്പനികൾ  ഹജ്ജിനു രണ്ടു മാസം മുമ്പ് വിസിറ്റ് വിസകളില്‍ തീര്‍ഥാടകരെ മക്കയിലെത്തിച്ചിരുന്നു.  ടൂറിസം കമ്പനികള്‍ ഹജജ്  വരെ മക്കയില്‍ തങ്ങാനും നിയമം  ലംഘിച്ച് ഹജജ്  നിര്‍വഹിക്കാനും  അവരോട് ആവശ്യപ്പെടുകയായിരുന്നു.

ഹാജിമാർക്ക്  ആവശ്യമായ പരിചരണങ്ങളും സേവനങ്ങളും ആവശ്യമായ സമയത്ത് നല്‍കലും, പുണ്യസ്ഥലങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുകയും, ആവശ്യമായ ഭക്ഷണ താമസ സൌകര്യങ്ങൾ ഒരുക്കലും തുടങ്ങി ഹജ്ജ്  സുഗമമാക്കുന്ന ഒരു പ്രധാന ഉപകരണവുമാണ് പെര്‍മിറ്റ്. അല്ലാതെ ചെക്ക് പോയിന്റ് കടക്കാനുള്ള പാസ് മാത്രമല്ല.

പെർമിറ്റില്ലാതെ പുണ്യസ്ഥലങ്ങളിലെത്തിയ നിയമലംഘകയുടെ യാത്ര ദുഷ്കരമാവുകയും സേവനങ്ങളും പരിചരണങ്ങളും നല്കുന്നതിൽ പ്രയാസം നേരിടുകയും ചെയ്തു. സൗദിയില്‍ വ്യാജ ഹജജ്  സര്‍വീസ് സ്ഥാപനങ്ങള്‍ നടത്തിയവരെ അറസ്റ്റ് ചെയ്തു.  വിസിറ്റ് വിസയില്‍ തീര്‍ഥാടകരെ സൗദിയിലെത്തിച്ച് നിയമം ലംഘിച്ച് ഹജജ്  നിര്‍വഹിക്കാന്‍ പ്രോത്സാഹിപ്പിച്ച ടൂറിസം കമ്പനികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതായി ചില രാജ്യങ്ങള്‍ അറിയിച്ചത് നല്ല തുടക്കമാണ്.  ഇത്തരം നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ പാടെ ഇല്ലാതാക്കാന്‍ ഇത് സാധിക്കും.

ഇത്തവണത്തെ ഹജ്ജിന് ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിൽ വളരെ നേരത്തെ തന്നെ സുരക്ഷാ പദ്ധതികള്‍ തയാറാക്കി നടപ്പാക്കാന്‍ തുടങ്ങിയിരുന്നു.  ഹാജിമാര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിലും അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും സുരക്ഷാ, സൈനിക ഏജന്‍സികളും ഹജുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളും ഒറ്റക്കെട്ടായി നടത്തിയ സംയോജിത ശ്രമങ്ങളുടെ തെളിവാണ് സുരക്ഷാ പദ്ധതികളുടെ വിജയം.

ഈ വർഷത്തെ ഹജ്ജിന്  ആകെ 1,301 തീര്‍ഥാടകരാണ് മരണപ്പെട്ടത്. ഇതിൽ  1,079 പേര്‍ ഹജജ്  പെര്‍മിറ്റില്ലാത്തവരായിരുന്നു. പെര്‍മിറ്റില്ലാതെ ഹജജ്  നിര്‍വഹിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കുകയും  ബോധവല്‍ക്കരണ കാമ്പയിനുകൾ  നടത്തുകയും  ചെയ്തിരുന്നു. വിദേശങ്ങളില്‍ നിന്ന് സന്ദർശക  വിസകളിലെത്തിയ നിരവധി പേര്‍ രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് ഹജജ്  നിര്‍വഹിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.

ഹജ്ജ് അനുമതിയില്ലാത്ത 1,079 തീര്‍ഥാടകര്‍ പുണ്യസ്ഥലങ്ങളില്‍ വെച്ച് മരണപ്പെട്ടത് നിയമ ലംഘകരെ തടയാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിച്ച ശക്തമായ മുന്‍കരുതല്‍ നടപടികളുടെ പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. ഹജിനു മുമ്പായി സന്ദർശക വിസക്കാര്‍ മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുന്നത് സുരക്ഷാ വകുപ്പുകള്‍ വിലക്കിയിരുന്നു. ഇതോടൊപ്പം മക്കയിലുള്ള സന്ദർശക വിസക്കാര്‍ ഹജ്ജിനു മുമ്പായി മക്കയില്‍ നിന്ന് പുറത്തുപോകണമെന്ന് ആഭ്യന്തര മന്ത്രാലയം കര്‍ശനമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.  സ്വയം പുറത്തുപോകാത്തവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും  മുന്നറിയിപ്പ്  നല്‍കിയിരുന്നു.

Related Articles

- Advertisement -spot_img

Latest Articles