തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്കാന് ശുപാര്‍ശ ചെയ്ത മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി. രഘുനാഥ്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-1 ബി.ജി.അരുണ്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. ഇത് സംബന്ധമായ മുഖ്യമന്ത്രിയുടെ ഉത്തരവ് പുറത്തിറങ്ങി.
പ്രതിപക്ഷ നേതാവിന്റെ ആദ്യ സബ്മിഷനായി വിഷയം നിയമസഭയില്‍ എത്താനിരിക്കെയാണ് സര്‍ക്കാരിന്റെ ഈ നീക്കം. ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ ഭാര്യയും എംഎല്‍എയുമായ കെ.കെ.രമ ഈ വിഷയത്തില്‍ അടിയന്തരപ്രമേയാനുമതി തേടിയിരുന്നെങ്കിലും സ്പീക്കര്‍ എ.എന്‍. ഷംസീര്‍ തള്ളി. സംഭവിക്കാത്ത വിഷയത്തിൽ അടിയന്തരപ്രമേയം അംഗീകരിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇങ്ങിനെയൊരു നീക്കമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടുണ്ടെന്നും വിഷയം സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
പിന്നാലെ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമയും സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയും സിപിഎമ്മും തന്നെയും ടിപി കൊലക്കേസ് പ്രതികളെയും ഭയക്കുന്നതായി രമ പറഞ്ഞു. ശിക്ഷ ഇളവ് നല്‍കരുതെന്ന കോടതി തീരുമാനത്തിന് സര്‍ക്കാര്‍ പുല്ലുവില കല്‍പ്പിക്കുകയാണെന്നും അവര്‍ വിമര്‍ശിച്ചിരുന്നു.
ആസാദി കാ അമൃത് മഹോൽസവിന്റെ ഭാഗമായി നടപ്പിലാക്കിയ ആനുകൂല്യത്തിൽ ടി.പി. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ടി.കെ. രജീഷ്, അണ്ണന് സിജിത്, മുഹമ്മദ് ഷാഫി എന്നിവരെ തിരുകി കയറ്റാനുള്ള വഴിവിട്ട നീക്കം നടക്കുന്നതായി നേരത്തെ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.