ന്യൂദൽഹി: നീറ്റ്, നെറ്റ് ക്രമക്കേട് ഇന്ത്യ സഖ്യം പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കും. ക്രമക്കേടിൽ ചർച്ച വേണമെന്ന് ഇന്ത്യ സഖ്യം വെള്ളിയാഴ്ച പാർലമെന്റിൽ ആവശ്യപ്പടും. സർക്കാർ ചർച്ചക്ക് തയ്യാറായില്ലെങ്കിൽ പാർലമെന്റിനകത്ത് വൻ പ്രതിഷേധത്തിന് തുടക്കമിടാൻ ഇന്ത്യ സഖ്യം തെയ്യാറെടുക്കുന്നുവെന്ന് വാർത്താ എജൻസികൾ റിപ്പോർട്ട് ചെയ്യുന്നു
ഇന്ത്യ സഖ്യത്തിലെ എല്ലാ പാർട്ടികളും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകും. ഇന്ന് മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ വെച്ച് ചേർന്ന ഇന്ത്യ സഖ്യ യോഗത്തിൽ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു. നീറ്റ് ക്രമക്കേട് വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെടാനും നീക്കമുണ്ട്. അതേസമയം തിങ്കളാഴ്ച നടക്കുന്ന രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ ഇന്ത്യ സഖ്യ നേതാക്കൾ പങ്കെടുക്കും.
അടുത്ത നാല് ദിവസം പാർലമെന്റ് സെഷന് ബാക്കിയുണ്ടെന്നും അത്തിൽ എന്തൊക്കെ സംഭവിക്കുമെന്ന് കാണാമെന്നും ജയ് റാം രമേശ് പറഞ്ഞു. നീറ്റ് ക്രമക്കേട്, അഗ്നിവീർ, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി പാർലമെന്റിൽ ശബ്ദമുയർത്തും. രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി നേതാവ് ഹനുമാൻ ബെനിവാൾ പറഞ്ഞു.
ലോക്‌സഭ സ്പീകറായി തെരെഞ്ഞെടുത്ത ഓം ബിര്‍ള നടത്തിയ പ്രസംഗം പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ‘അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളുടെ’ 50-ാം വാര്‍ഷികം പ്രമാണിച്ച് അംഗങ്ങളോട് രണ്ട് മിനിറ്റ് നിശബ്ദത പാലിക്കാന്‍ ആവശ്യപ്പെട്ട് സ്പീക്കർ പ്രമേയം അവതരിപ്പിച്ചതാണ് പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയത്. പ്രതിഷേധത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെക്കേണ്ട സാഹചര്യം ഉണ്ടായി. രാഹുൽ ഗാന്ധി അടക്കമുള്ള ഇന്ത്യ സഖ്യ നേതാക്കൾ ഇത് സംബന്ധിച്ചു സ്പീക്കറുടെ ചേംബറിൽ ചെന്ന് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.