30.4 C
Saudi Arabia
Thursday, August 21, 2025
spot_img

ആസ്‌ട്രേലിയയിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ് മുഖ്യപ്രതി പിടിയിൽ

ആലപ്പുഴ: ആസ്ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പോലീസ് പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശി ആഷ്ടണ്‍ മൊണ്ടീറോ എന്ന് വിളിക്കുന്ന ആര്‍ മധുസൂദന (42) നെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. ആസ്‌ട്രേലിയയിലെ സിമിക് ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിയില്‍ സോഫ്റ്റ് സ്‌കില്‍ ട്രെയ്നര്‍മാരായി ജോലി വാഗ്ദാനം ചെയ്താണ് നാല്‍പതിലേറെ ഉദ്യോഗാര്‍ഥികളില്‍ നിന്നും കോടികൾ തട്ടിയെടുത്തത്.

നൂറനാട് പോലീസ്  രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇന്‍സ്പെക്ടര്‍ ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തില്‍  ബംഗളൂരുവില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുന്നത്. വിദേശ ഭാഷകള്‍ അനായാസം കൈകാര്യം  ചെയ്തിരുന്ന ഇയാള്‍ 2023ലാണ് അങ്കമാലി കേന്ദ്രീകരിച്ച് ഇയാള്‍ തട്ടിപ്പിപ്പ് ആരംഭിച്ചത്. ആസ്ട്രേലിയയിലേക്ക് സോഫ്റ്റ് സ്‌കില്‍ ട്രെയ്നര്‍മാരെ ആവശ്യമുണ്ടെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉദ്യോഗാർഥികളെ കണ്ടെത്തുകയായിരുന്നു.

ആകർഷകമായ ജോലിയും ശമ്പളവും ആസ്ട്രേലിയയില്‍ സ്ഥിരം വിസയുമായിരുന്നു വാഗ്ദാനം.  കമ്പനി പ്രതിനിധിയെന്ന രീതിയിലാണ് ഓണ്‍ലൈന്‍ വഴി ഉദ്യോഗാര്‍ഥികളുമായി സംസാരിച്ചത്. തിരുവനന്തപുരത്തും എറണാകുളത്തുമുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വെച്ചായിരുന്നു അഭിമുഖം നടത്തിയിരുന്നത്. മധുസൂദനന്‍ ആഷ്ടണ്‍ മൊണ്ടീറോ എന്ന ആസ്ട്രേലിയന്‍ പൗരനെന്ന് പറഞ്ഞാണ് ഉദ്യോഗാര്‍ഥികളെ പരിചയപ്പെട്ടത്. ഇയാളുടെ വ്യക്തിപ്രഭാവത്തിലും ഇന്റര്‍വ്യൂവിലും ആകര്‍ഷിക്കപ്പെട്ട 40ഓളം പേരാണ് ഏഴ് ലക്ഷം രൂപ വീതം മദുസൂദനനും സംഘവും നല്‍കിയ ബേങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറിയത്. പണം കിട്ടിയ ശേഷം ഈ സംഘത്തെ പറ്റി വിവരങ്ങൾ ഉണ്ടായില്ല.

പണം നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികൾ അങ്കമാലി, കാലടി , നെടുമ്പാശ്ശേരി, തൃശ്ശൂര്‍ ഈസ്റ്റ്, മൂവാറ്റുപുഴ, കരമന, നൂറനാട് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles