ന്യൂദല്‍ഹി: വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകൾ പാര്‍ലമെന്റില്‍ നടത്തിയെന്നാരോപിച്ച് സ്പീകർക്ക് കോൺഗ്രസ് കത്തയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എം.പി അനുരാഗ് ഠാക്കൂറിനുമെതിരെ നടപടി ആവശ്യപ്പെട്ടാണ് കത്ത്. ചട്ടം 115(1) പ്രകാരം മോദിയുടെയും ഠാക്കൂറിന്റെയും പ്രസ്താവനകള്‍ക്കുമേല്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം. കോണ്‍ഗ്രസ് എം.പി മാണിക്കം ടാഗോറാണ് സ്പീക്കര്‍ ഓം ബിര്‍ളക്ക് ഇത് സംബന്ധിച്ചു കത്തയച്ചിരിക്കുന്നത്.
പ്രതിമാസം 85,000 രൂപ സ്ത്രീകള്‍ക്ക് നല്‍കുമെന്ന് കോണ്‍ഗ്രസ് ‘തെറ്റായ വാഗ്ദാനം’ നല്‍കിയെന്നാണ് മോദിയുടെ പരാമർശം. രാഷ്ട്രപതിയുടെ പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചയുടെ മറുപടിയിലായിരുന്നു പ്രധാനമന്ത്രി മോദി ഇത് പറഞ്ഞെതെന്ന് മാണിക്കം ടാഗോർ ചൂണ്ടിക്കാട്ടി. കോൺഗ്രസ് വിജയിക്കുകയും സർക്കാർ രൂപവത്കരിക്കുകയും ചെയ്തശേഷം നടപ്പാക്കേണ്ട ഒരു വാഗ്ദാനമായിരുന്നു അതെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി
കോണ്‍ഗ്രസ് തനിച്ച് മത്സരിച്ച 16 സംസ്ഥാനങ്ങളില്‍ വോട്ട് വിഹിതം കുറഞ്ഞെന്ന പ്രധാനമന്ത്രി മോദിയുടെ അവകാശവാദത്തെയും അദ്ദേഹം വെല്ലുവിളിച്ചു. മോദി യുടെ വാദം തെറ്റാണ്. ഉത്തരാഖണ്ഡ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, തെലങ്കാന തുടങ്ങി കോണ്‍ഗ്രസ് തനിച്ച് മത്സരിച്ച സംസ്ഥാനങ്ങളില്‍ വോട്ട് വിഹിതം വര്‍ധിച്ചുവെന്നും ടാഗോർ ചൂണ്ടിക്കാട്ടി
കോണ്‍ഗ്രസ് ഭരണത്തിൽ സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നല്‍കിയിരുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയും കളവാണ്. ജാക്കറ്റുകള്‍ക്ക് ക്ഷാമം ഉണ്ടായിരുന്നു, മുംബൈ ആക്രമണ സമയത്ത് പോലീസിന് പോലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ഉണ്ടായിരുന്നത് നാം കണ്ടതാണെന്നും മാണിക്കം ടാഗോര്‍ കത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് സൈനികര്‍ക്ക് ഫൈറ്റര്‍ വിമാനങ്ങള്‍ നല്‍കിയില്ലെന്ന പ്രധാനമന്ത്രിയുടെ വാദത്തേയും മാണിക്കം ടാഗോർ ഖണ്ഡിച്ചു.
കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോൾ സൈന്യത്തിന് ആയുധങ്ങളും യുദ്ധവിമാനങ്ങളും നല്‍കിയിരുന്നില്ലെന്ന അനുരാഗ് ഠാക്കൂറിന്റെ ആരോപണവും കോണ്‍ഗ്രസ് എംപി നിഷേദിച്ചു. ‘ഇത് തെറ്റാണ്, നമുക്ക് ജാഗോര്‍, മിഗ് 29, എസ്‌യു-30, മിറാഷ് 2000 തുടങ്ങിയ യുദ്ധവിമാനങ്ങളും അണുബോംബുകളും ഉണ്ടായിരുന്നു. അഗ്‌നി, ആകാശ്, പൃഥ്വി, നാഗ്, ത്രിശൂല്‍ തുടങ്ങിയ മിസൈലുകളും പിന്നീട് ബ്രഹ്മോസും ഉണ്ടായിരുന്നു’, മാണിക്കം ടാഗോര്‍ സ്പീക്കര്‍ക്കെഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടി.