മുംബൈ: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിന് സ്നേഹോജ്ജ്വലമായ സ്വീകരണം നൽകി മുംബൈയിലെ ആരാധകർ. മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത് ശര്‍മയെയും സംഘത്തെയും വലിയ ആരവങ്ങളോടെയാണ് ആരാധകര്‍ വരവേറ്റത്. രോഹിത്, കോലി, ദ്രാവിഡ്, ബുംറ തുടങ്ങി ഓരോരുത്തര്‍ പുറത്തുവരുമ്പോഴും ആരാധകര്‍ കരാഘോഷങ്ങൾ മുഴക്കി.
ലോകകപ്പ് നേടിയെത്തിയ ടീമിന് ആശംസകളര്‍പ്പിക്കാൻ മുംബൈയിലെത്തിയ ജനസാഗരങ്ങൾക്ക് മഴ വഴിമാറി കൊടുക്കേണ്ടി വന്നു. മറൈന്‍ ഡ്രൈവ് മുതല്‍ വാംഖഡെ സ്റ്റേഡിയംവരെ ഓപ്പണ്‍ ബസില്‍ ടീം വിക്ടറി പരേഡ് നടത്തും. ശേഷം വാംഖഡെ സ്റ്റേഡിയത്തില്‍ വിജയാഘോഷ പരിപാടികളിൽ ആരാധകര്‍ക്ക് സൗജന്യമായി പ്രവേശിക്കാന്‍ അനുമതിയുണ്ട്.
അതിനിടെ, വിശ്വകിരീടം ചൂടിയ ടീമിലെ സീനിയര്‍ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും എയര്‍ലൈന്‍ വിസ്താര നൽകിയ ആദരം ശ്രദ്ധേയയമായി. ഇന്ത്യന്‍ ടീമംഗങ്ങൾ ഡല്‍ഹിയില്‍നിന്ന് മുംബൈയിലെത്തിയ വിസ്താര വിമാനത്തിന്റെ നമ്പര്‍ യു.കെ.1845 എന്നതായിരുന്നു. വിരാട് കോലിയുടെ ജഴ്‌സി നമ്പറായ പതിനെട്ടും രോഹിത് ശര്‍മയുടെ ജഴസി നമ്പറായ നാല്‍പ്പത്തഞ്ചും ചേർത്തായിരുന്നു വിമാനത്തിന് ഈ നമ്പർ നൽകിയത്.