തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷത്തിന് വര്‍ദ്ധിത വീര്യമാണെന്ന് മുഖ്യമന്ത്രി. അതുകൊണ്ട് പ്രതികരണങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽ ഡി എഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മുന്നണി ജനപ്രതിനിധികൾക്ക് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്.
നിയമസഭയിൽ ഭരണപക്ഷത്തെയും മുഖ്യമന്ത്രിയെയും പ്രതിപക്ഷം നിരന്തരം പ്രതിരോധത്തിലാക്കുന്ന സാഹചര്യം മുൻ നിർത്തിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കാര്യവട്ടം ക്യാമ്പസിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ പ്രതിപക്ഷ നേതാവ് ശക്തമായ തിരിച്ചടിയാണ് സഭയിൽ നടത്തിയത്.
ഇങ്ങിനെയൊരു സംഭവം ഇനിയുണ്ടാവില്ലെന്നാണ് കേരള മനസാക്ഷി വിചാരിച്ചത്. എന്നാൽ വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു. ഇത് കേരളമാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചിരുന്നു. വിമർശനങ്ങളുടെ കാഠിന്യം കൂടിയതോടെ ഭരണപക്ഷംവും പ്രതിപക്ഷവും തമ്മിൽ സഭയിൽ വാക്കറ്റവുമുണ്ടായി.