39.8 C
Saudi Arabia
Friday, August 22, 2025
spot_img

തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീ വർധന റദ്ദാക്കുക- പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന കമ്മിറ്റി

തിരുവനന്തപുരം:   തിരുവനന്തപുരം  വിമാനത്താവളത്തിലേർപ്പെടുത്തിയ വർദ്ധിത യൂസർ ഫീ  നടപടിയെ  പ്രവാസി വെൽഫെയർ ഫോറം കേരള സംസ്ഥാന കമ്മിറ്റി ശക്തമായി അപലപിച്ചു. ഈ വർദ്ധന ഉടൻ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കേന്ദ്ര പ്രവാസി വകുപ്പ് ഇല്ലാതാക്കിയും, വോട്ടവകാശം നിഷേധിച്ചും, പ്രവാസി കൾക്ക് ആനുകൂല്യങ്ങൾ നിഷേധിച്ചും, ചൂഷണങ്ങൾക്ക് വിധേയമാക്കിയും സർക്കാരുകൾ നടത്തിവരുന്ന ദ്രോഹ  പ്രവർത്തനങ്ങളിൽ കടുത്ത ആശങ്കയും യോഗം രേഖപ്പെടുത്തി.
സംസ്ഥാനത്തിൻ്റെയും രാജ്യത്തിൻ്റെയും സാമ്പത്തിക വളർച്ചക്കും സർവ്വോൻമുഖമായ പുരോഗതിക്കും ഗണ്യമായ സംഭാവനകൾ നൽകുന്ന  പ്രവാസികളുടെ ക്ഷേമത്തിനായി കൂടുതൽ സൗകര്യം ഒരുക്കുന്നതിന് പകരം അവരെയും അവരുടെ സംരംഭങ്ങളെയും പ്രയാസപ്പെടുത്തുന്ന നടപടികളുടെ തുടർച്ചയാണ് ഈ  വിമാനത്താവള യൂസേഴ്സ് ഫീ വർദ്ധനയെന്ന് യോഗം അഭിപ്രായപ്പെട്ടു.
പല രാജ്യങ്ങളും  നികുതിദായകർക്കും സംഭാവനകൾ  ചെയ്യുന്നവർക്കും പ്രത്യേക ആനുകൂല്യങ്ങളും സൗകര്യങ്ങളും ഏർപ്പെടുത്തുന്നു, അതേസമയം നമ്മുടെ രാജ്യത്ത് പ്രവാസികൾക്ക് പല നിലയിലും അമിതമായ ഭാരങ്ങൾ ചുമത്തുന്നു, കുടുംബത്തിൽ പ്രവാസികൾ ഉണ്ടെന്ന കാരണത്താൽ പല ആനുകൂല്യങ്ങളും നിഷേധിക്കുന്നു, വർദ്ധിച്ച വരുമാന സർട്ടിഫിക്കറ്റ് നൽകി പ്രവാസികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ തടയുന്നു, ചികിത്സ ആനുകൂല്യങ്ങൾ നിഷേധിക്കുന്നു, റേഷൻ സംവിധാനങ്ങൾ പോലും തടയുന്നു, ഇത്തരം നടപടികൾ കടുത്ത നീതി നിഷേധമാണെന്ന്  യോഗം വിലയിരുത്തി.
അടിയന്തിരമായി ആറു കാര്യങ്ങൾ കമ്മിറ്റി ആവശ്യപ്പെട്ടു.
 1. വിമാനത്താവള ഉപയോക്തൃ ഫീസ് വർദ്ധനവ് ഉടനടി റദ്ദാക്കുക
 2. പ്രവാസികൾക്കും മടങ്ങിയവർക്കും സൗജന്യ ചികിത്സ സൗകര്യങ്ങളും, ആനുകൂല്യങ്ങളും, അവസരങ്ങളും നിഷേധിക്കാത്ത സാഹചര്യം ഒരുക്കുക
 3. യാത്രക്കാരുടെ പ്രയാസങ്ങൾ ഒഴിവാക്കാൻ  എയർപോർട്ട് സൗകര്യം മെച്ചപ്പെടുത്തുക
 4. നമ്മുടെ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പ്രവാസികളുടെ സംഭാവനകളെ അംഗീകരിച്ചുകൊണ്ട് പ്രവാസികൾക്കും മടങ്ങിയവർക്കുമുള്ള എല്ലാ ആനുകൂല്യങ്ങളും അവസരങ്ങളും ഉറപ്പുവരുത്തുക
5. പ്രവാസികൾക്ക് എംബസി സംവിധാനങ്ങൾ വഴി നാട്ടിലെ ഇലക്ഷൻ പ്രക്രിയയിൽ പങ്കുചേരാനുള്ള സാഹചര്യം ഒരുക്കുക
6. മടങ്ങിവന്ന പ്രവാസികൾക്കും കുടുംബങ്ങൾക്കും ലളിതമായ പ്രക്രിയകളിൽ സംരംഭങ്ങളിൽ ഏർപ്പെടാനും അതിനുള്ള സൗജന്യ പരിശീലനങ്ങളും സഹായങ്ങൾ ഒരുക്കാനും സാങ്കേതിക കുരുക്കുകളും തടസ്സങ്ങളും ഒഴിവാക്കി സൗകര്യങ്ങളേർപ്പെടുത്തുക.
വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരീപ്പുഴ  ഉൽഘാടനം നിർവഹിച്ചു.  സംസ്ഥാന കമ്മിറ്റി പ്രസിഡൻ്റ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു.
സലാഹുദ്ധീൻ കെ. എറണാകുളം, അക്ബർ ചാവക്കാട്, ഹസനുൽ ബന്ന മുതവല്ലൂർ കോഴിക്കോട്, എം.കെ. ഷാജഹാൻ തിരുവനന്തപുരം, സയീദ് വയനാട്, മുഹമ്മദ് പൊന്നാനി, അബ്ദുൽ അസീസ്, സലാഹുദ്ധീൻ എം. എസ്.,  സക്കരിയ ആലുവ
എന്നിവർ സംസാരിച്ചു.  ജനറൽ സെക്രട്ടറി ജാബിർ വടക്കാങ്ങര സ്വാഗതവും ട്രഷറർ മുഹമ്മദ് കുഞ്ഞിപ്പ ചാവക്കാട് നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles