ഇംഫാൽ: ‘സമാധാന’ത്തിന്റെ സന്ദേശമാണ് തനിക്ക് ജനങ്ങൾക്ക് നൽകാനുള്ളതെന്നും മണിപ്പുർ ജനതയുടെ സഹോദരനായാണ് ഞാൻ വന്നതെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആഭ്യന്തര കലാപം നടന്നു കൊണ്ടിരിക്കുന്ന മണിപ്പുരിലെ തന്റെ സന്ദർശനത്തിനിടെയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പുർ സന്ദർശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘‘നിങ്ങളുടെ സഹോദരനായാണ് ഞാനിവിടെ എത്തിയിട്ടുള്ളതെന്നാണ് ഞാൻ മണിപ്പൂരിനോട് പറയാൻ ആഗ്രഹിക്കുന്നത്. മണിപ്പുരിൽ സമാധാനം തിരികെ കൊണ്ടുവരാൻ നിങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’’–രാഹുൽ ഗാന്ധി പറഞ്ഞു.
നിരാശാജനകമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും കാര്യമായ പുരോഗതിയൊന്നും ഇവിടെ ഉണ്ടായിട്ടില്ലെന്നും മണിപ്പുർ സന്ദർശനത്തിനിടെ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. മണിപ്പൂർ വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ഉദ്ദേശിക്കുന്നില്ല. പ്രധാനമന്ത്രി മോദി മണിപ്പുർ സന്ദർശിക്കുകയും ജനങ്ങളുടെ സങ്കടങ്ങൾ കേൾക്കുകയും പരിഹാരം കാണുകയും ചെയ്യണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.