കോഴിക്കോട്: സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാര്‍ഥിനികളെ ബസ് ഇടിച്ച് തെറിപ്പിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കുറ്റക്കാർക്കെതിരേ എന്ത് നടപടിയെടുത്തു എന്ന് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. വടകര മടപ്പള്ളിയിൽ തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ മൂന്ന് വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
മടപ്പള്ളി ഗവണ്മെന്റ് കോളജിലെ വിദ്യാര്‍ഥിനികളായ ശ്രേയ, ഹൃദ്യ, ദേവിക എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം നടന്നത് . കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന അയ്യപ്പന് ബസാണ് വിദ്യാര്‍ഥിനികളെ ഇടിച്ചത്. ആളുകള്‍ ഓടിക്കൂടിയതോടെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപെട്ടു. ഇവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.