ബെംഗളുരു: കര്‍ണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ ബി നാഗേന്ദ്രയെ ഇ ഡി അറസ്റ്റ് ചെയ്തു. മഹര്‍ഷി വാല്‍മീകി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കോര്‍പ്പറേഷന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചു എന്നതാണ് കേസ്.
ഇപ്പോൾ ബല്ലാരി റൂറല്‍ മണ്ഡലത്തിലെ എംഎല്‍എയാണ് നാഗേന്ദ്ര. ഇഡി കേസുകള്‍ക്കായുള്ള ബെംഗളൂരുവിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്. മഹര്‍ഷി വാല്‍മീകി കോര്‍പ്പറേഷന്റെ ബേങ്ക് അക്കൗണ്ടില്‍ നിന്ന് ഹൈദരാബാദിലെ പല ബേങ്ക് അക്കൗണ്ടുകളിലേക്കായി 89.7 കോടി രൂപ അനധികൃതമായി കൈമാറിയെന്ന ആരോപണം ഉയർന്നിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന മന്ത്രിസഭയിലെ പട്ടികവര്‍ഗ ക്ഷേമ മന്ത്രിയായിരുന്ന നാഗേന്ദ്ര രാജിവെക്കുകയായിരുന്നു.
പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന് അക്കൗണ്ടുള്ള യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ശാഖയിലെ ജീവനക്കാര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് പറയുതുന്നത്. കോര്‍പ്പറേഷന്‍ അക്കൗണ്ട്സിലെ സൂപ്രണ്ട് പി ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് തട്ടിപ്പുകൾ പുറത്തായത്
കര്‍ണാടകയിലെ പതിനഞ്ചിലധികം സ്ഥലങ്ങളില്‍ ജൂലൈ 10ന് ഇഡി ഒരേസമയം റെയ്ഡ് നടത്തിയിരുന്നു. എം എൽ എ നാഗേന്ദ്രയുടെയും അടുത്ത സഹായികളുടെയും വീടുകളിലും ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.