പെൻസിൽവാനിയ : തിരഞ്ഞെടുപ്പ് റാലിക്കിടെ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെയുണ്ടായ ആക്രമണത്തിൽ ട്രംപിന് സാരമല്ലാത്ത പരിക്ക്. അക്രമിയെ സുരക്ഷാസേന വെടിവെച്ചു കൊന്നു. പെൻസിൽവാനിയയിലെ റാലിക്കിടെ പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെയാണ് അക്രമി വെടിയുതിർത്തത്. വലതു ചെവിക്കു പരുക്കേറ്റു വേദിയിൽ വീണ ട്രംപിനെ സുരക്ഷാ സേന ഉടൻ സ്ഥലത്തു നിന്നു മാറ്റി.
ട്രംപ് സുരക്ഷിതനാണെന്നും സമീപമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അദ്ദേഹത്തിന്റെ വക്താവ് സ്റ്റീവൻ ച്യൂങ് അറിയിച്ചു. സംഗത്തിനിടെ ചെറിയ ശബ്ദം കേട്ടതായും, തന്റെ വലത് ചെവിയുടെ മുകളിലായാണ് വെടിയേറ്റതെന്നും ട്രംപും പിന്നീട് അറിയിച്ചു. ട്രംപിന് നേരെ നടന്നത് വധശ്രമം തന്നെയാണെന്ന് സംശയിക്കുന്നതായി എഫ്.ബി.ഐ ഉദ്യോഗസ്ഥൻ കെവിൻ റോജേക്ക് അറിയിച്ച.
അതെ സമയം, പ്രസിഡന്റ് ജോ ബൈഡൻ ശ്രദ്ധയോടെയാണ് അക്രമണത്തോട് പ്രതികരിച്ചത്. തനിക്ക് സ്വന്തം അഭിപ്രായമുണ്ടെന്നും എന്നാൽ കൂടുതൽ വസ്തുതകൾ പുറത്തു വരുന്നതു വരെ കാത്തിരിക്കുമെന്നും പറഞ്ഞ ബൈഡൻ ഇത്തരം ആക്രമണങ്ങൾക്ക് അമേരിക്കയിൽ സ്ഥാനമില്ലെന്ന് വ്യക്തമാക്കി.
‘‘ ഇത്തരം കാര്യങ്ങൾ ആവർത്തിക്കുന്നത് അനുവദിക്കാനാകില്ല. നമുക്ക് ഇങ്ങനെ ആകാൻ കഴിയില്ല. ഇത് ക്ഷമിക്കാനും കഴിയില്ല’’–ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു….
‘‘പിതാവിനോട് കാണിക്കുന്ന സ്നേഹത്തിനും പ്രാർഥനയ്ക്കും നന്ദി’’ ട്രംപിന്റെ മകൾ ഇവാൻക എക്സിൽ കുറിച്ചു.