തിരുവനന്തപുരം: തമ്പാനൂർ ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ കരാർ തൊഴിലാളി ജോയിക്കായുള്ള തെരച്ചിൽ ഇന്നും തുടരും. തെരച്ചിലിനായി നാവിക സേനയുടെ സ്കൂബ സംഘം ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് എത്തിയിരുന്നു.
അഞ്ചു പേരടങ്ങുന്ന സ്കൂബ സംഘമാണ് തലസ്ഥാനത്ത് എത്തിയത്. ഫയർഫോഴ്സിന്റെ സ്കൂബാഡൈവിംഗ് സംഘത്തിന്റെ പരിശോധന ഇന്നലെ തത്കാലികമായി അവസാനിപ്പിച്ചിരുന്നു. രാത്രിയിലെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായ സാഹചര്യത്തിലാണ് തെരച്ചിൽ താത്കാലികമായി നിര്‍ത്തിവച്ചത്.
വളരെക്കാലമായി കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരത്തിലേക്ക് ഇറങ്ങിയാണ് ഞായറാഴ്ച സംഘം പരിശോധന നടത്തിയത്. കനത്ത മഴ രക്ഷാ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. റെയിൽവെ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലിൽ തടയണ കെട്ടി വെള്ളം പമ്പ് ചെയ്ത് പരിശോധന നടത്താനാന്നുള്ള നീക്കം രാത്രിയിലെ മഴ സാധ്യത മുന്നിൽ കണ്ടു മാറ്റി വെക്കുകയായിരുന്നു. തടയണ കെട്ടിയശേഷം രാത്രി കനത്ത മഴ പെയ്താൽ നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽ വെള്ളം ഉയരാനുള്ള സാധ്യതയുള്ളതിനാലാണ് നീക്കം ഉപേക്ഷിച്ചത്.