പാലക്കാട് : ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ യുവതിയെ പാമ്പു കടിച്ചു. പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിക്കാണ് പാമ്പു കടിയേറ്റത്. പനിബാധിച്ച മകളുടെ ചികിത്സക്കായി ആശുപത്രിയിലെത്തിയതായിരുന്നു യുവതി.
ബുധനാഴ്ച കാലത്ത് 11 നായിരുന്നു സംഭവം. താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഗായത്രി ജില്ലാ ആശുപത്രിയിൽ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.
പനി മൂലം ഇന്നലെ രാത്രി ആശുപത്രിയിൽ പ്രവശിപ്പിച്ച മകളുടെ കൂട്ടിയിപ്പിന് വന്നതായിരുന്നു ഗായത്രി. രാവിലെ മകളുടെ യൂറിന്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. തറയില്‍ വീണ യൂറിന്‍ തുടക്കാന്‍ ചൂലെടുക്കാന്‍ പോയപ്പോഴാണ് ഗായത്രിയുടെ കൈക്ക് പാമ്പു കടിയേറ്റത്.
പാമ്പിനെ പിടികൂടി കുപ്പിയിലടച്ച് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കടിച്ച പാമ്പു ഏതെന്നു വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ ഡിഎംഒ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ടു തേടിയിട്ടുണ്ട്.