ലക്നോ: ഉത്തര്‍പ്രദേശ് ബി ജെ പിയില്‍ മാറ്റങ്ങൾ ഉണ്ടാവുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ ദൽഹിയിലും ലക്നോവിലും നേതാക്കളുടെ നിർണായക നീക്കങ്ങൾ. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയോടൊപ്പം ഒരു സംഘം ബി ജെ പി നേതാക്കൾ കേന്ദ്ര നേതൃത്വത്തെ സന്ദർശിച്ചു.
ഇതിനു തൊട്ടു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ചു ചേർക്കുകയും ഗവർണർ ആനന്ദിബെന്‍ പട്ടേലിനെ സന്ദർശിക്കുകയും ചെയ്തു. പെട്ടെന്ന് നടക്കുന്ന നിയമസഭാ സമ്മേളനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് യോഗി ഗവര്‍ണറെ കണ്ടതെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയുമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു, ഇതിന് പിന്നാലെയാണ് മൗര്യയും യോഗി ആദിത്യനാഥും തമ്മിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹമുയര്‍ന്നത്. ഇതിനോടനുബന്ധിച്ചാണ് സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് അധ്യക്ഷൻ രാജി സന്നദ്ധത അറിയിച്ചുവെന്നും അറിയുന്നു. ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾക്ക് മുമ്പ് സംഘടനാ തലത്തിൽ മാറ്റങ്ങളുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ബിജെപിക്കുള്ളിൽ തന്നെ ഓപ്പറേഷൻ താമര തുടങ്ങിയെന്നാണ് ബി ജെ പി യിലെ ഭിന്നതയെ പറ്റി അഖിലേഷ് യാദവിന്റെ പരിഹാസം



