ധാക്ക: ജോലി സംവരണം ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ സർക്കാർ ബംഗ്ലാദേശിൽ പ്രതിഷേധം ശക്തമായി. പ്രക്ഷോഭത്തെ നേരിടാൻ പോലീസ് നടത്തിയ വെടിവെപ്പിൽ 19 പേർ കൊല്ലപ്പെട്ടു. കലാപം ഏറ്റവും രൂക്ഷമായ വ്യാഴാഴ്ച മാത്രം പതിമൂന്നു പേരാണ് കൊല്ലപ്പെട്ടത്. നിരവധി വിദ്യാർഥികൾക്കാണ് പോലീസ് വെടിവെപ്പിലും ലാത്തിചാർജിലും പരിക്കേറ്റത്. ധാക്കയിൽ നൂറുണക്കിന് വിദ്യാർത്ഥികൾ വടികളും കല്ലുകളും ഉപയോഗിച്ച് സായുധ പോലീസുമായി ഏറ്റുമുട്ടി. കലാപം തടയാൻ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾക്ക് സർക്കാർ വിലക്കേർപ്പെടുത്തി.
ഇന്ന് കൊല്ലപ്പെട്ടവരിൽ കൂടുതലും നേരിട്ട് കലാപത്തിൽ പങ്കെടുത്തവരാണ്. അധികപ്പേരും നെഞ്ചിന് വെടിയേറ്റാണ് മരണപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ബസ് ഡ്രൈവറും റിക്ഷ വലിക്കുന്നവരും വിദ്യാർഥികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്തു. കലാപക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും പ്രയോഗിച്ചു.
1971ലെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയുടെ 30% സംവരണം ചെയ്യുന്ന നിയമം അവസാനിപ്പിക്കണം എന്ന ആവശ്യത്തിനാണ് കലാപം ആരംഭിച്ചത്. ഹസീനയുടെ സർക്കാർ 2018 ൽ ക്വാട്ട സമ്പ്രദായം റദ്ദാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ മാസം ഹൈക്കോടതി ഇത് പുനഃസ്ഥാപിച്ചു.
തലസ്ഥാനത്തെ പ്രധാന സർവ്വകലാശാല കാമ്പസ് കേന്ദ്രീകരിച്ചാണ് രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ നടക്കുന്നത്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും ശക്തമായ പ്രകടനങ്ങൾ നടന്നുവരുന്നു. സമരക്കാരുമായി നിയമമന്ത്രി അനിസുൽ ഹഖ് ചർച്ചക്ക് സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പ്രക്ഷോപകർ വഴങ്ങിയിട്ടില്ല. ചർച്ചകളും വെടിവെപ്പും ഒരുമിച്ച് പോകില്ലെന്നാണ് സമരക്കാരുടെ ഭാഷ്യം.