കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ പിടിപ്പെട്ടതായി സംശയം. മലപ്പുറം സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ല.
പെരിന്തൽമണ്ണ സ്വദേശിയായ 14കാരനെ ആദ്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സക്കായി പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ നിപ്പ ട്രൂനാറ്റ് പോസറ്റീവാണ്. സാംപിൾ തുടർ പരിശോധനയ്ക്ക് മെഡിക്കൽ കോളജിലേക്ക് കൊണ്ടുവന്നു. കൂടുതൽ പരിശോധനക്കായി പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് രോഗിയുടെ സ്രവ സാമ്പിൾ അയച്ചിട്ടുണ്ട്.
പനി അടക്കമുള്ള ലക്ഷണങ്ങൾ ഇപ്പോഴും ഉണ്ടെങ്കിലും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തിൽ ആരോഗ്യവകുപ്പ് അടിയന്തര യോഗം ചേർന്നിട്ടുണ്ട്. നിപ്പ പ്രോട്ടോകോൾ പാലിക്കാൻ നിർദ്ദേശം നൽകി. നിപ്പ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി വീണ ജോർജജ് കർശന നിർദേശം നല്കിയിട്ടുണ്ട്.