മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു; മലപ്പുറത്ത് 14 വയസ്സുകാരനാണ് നിപ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അൽപ സമയം മുന്പാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പോസിറ്റീവ് ഫലം വന്നത്. അതിനിടെ നിരീക്ഷണത്തിൽ കഴിയുന്ന ഒരാൾക്കും കൂടി പനി സ്ഥിരീകരിച്ചിട്ടുണ്ട്.
മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ് ഇപ്പോൾ ചികിത്സയിലുള്ളത്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. അഞ്ച് ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ദന്റെ അടുത്ത് ചികിത്സ തേടി. പനി കുറയാത്തതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറി. അവിടെ നിന്നും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്നും 19-ന് രാത്രിയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലലേക്ക് മാറ്റിയത്. പരിശോധനാ ഫലം പോസിറ്റീവായതിനാൽ മെഡിക്കൽ കോളജിലേക്ക് മാറ്റും. കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും സുഹൃത്തും നിരീക്ഷണത്തിലാണ്.
അടിയന്തിര സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മലപ്പുറത്ത് കൺട്രോൾ സെൽ തുറന്നിട്ടുണ്ട്. മലപ്പുറം പി ഡബ്യു ഡി റെസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെൽ തുറന്നത്. നമ്പർ: 0483-2732010