മലപ്പുറം: മലപ്പുറം പാണ്ടിക്കാട് നിപ സ്ഥിരീകരിച്ച കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും ക്വാറന്റൈനിൽ പ്രവേശിച്ചു. കൂടാതെ, കുട്ടിയെ നേരത്തെ ചികിത്സിച്ച ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും ക്വാറന്റീനിൽ പ്രവേശിച്ചു.
പനി ബാധിച്ച കുട്ടിയുടെ അടുത്ത സുഹൃത്തിന്റെ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.
ജൂലൈ 10 നാണ് പാണ്ടിക്കാട് സ്വദേശിയായ 14കാരന് പനി ബാധിച്ചത്. 12 ന് സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയെങ്കിലും ഭേദമാകാതിരുന്നതോടെ 13 ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു.
15 ന് ഇതേ സ്വകാര്യ ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെയും കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു . കോഴിക്കോട് നിന്നും ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.
അതേസമയം, മലപ്പുറത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങൾ ശക്തമാക്കി. ആനക്കയം, പാണ്ടിക്കാട് എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. മലപ്പുറം ജില്ലയിലുള്ളവർ എല്ലാവരും മാസ്ക്ക് ധരിക്കണം.
പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ ആൾക്കൂട്ടം പാടില്ല. കടകൾ രാവിലെ 10 മുതൽ അഞ്ച് വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാൻ പാടുളളു. മദ്രസ, ട്യൂഷൻ സെന്ററുകൾ എന്നിവക്ക് ഞായറാഴ്ച അവധി നല്‍കണം.
നേരത്തെ തീരുമാനിക്കപ്പെട്ട പരിപാടികൾക്ക് ആൾകൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. നിലവിൽ നിരീക്ഷണത്തിലാക്കിയ 214 പേരിൽ 60 പേർ ഹൈറിസ്ക് വിഭാഗത്തിൽ പ്പെട്ടവരാണ്.