ബംഗളൂരു: നോർത്ത് കന്നഡയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തെരച്ചിൽ ഇന്നും തുടരും. രക്ഷാപ്രവർത്തനത്തിൽ സൈന്യവും പങ്കു ചേരും. പ്രദേശത്ത് രാത്രിയിലും മഴ പെയ്തിരുന്നു. രക്ഷാ പ്രവർത്തനത്തിന് മഴ തന്നെയാണ് മുഖ്യതടസ്സം.
മഴ നിലനിൽക്കുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം തുടങ്ങാൻ അൽപം വൈകിയേക്കുമെന്നാണ് അറിയുന്നത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അപകടസ്ഥലം സന്ദർശിക്കും.
കർണാടക സർക്കാർ സൈന്യത്തിന്റെ സഹായം തേടിയിരുന്നു. അത് പ്രകാരം ബെലഗാവി ക്യാമ്പിൽനിന്ന് 40 സേന അംഗങ്ങൾ തെരച്ചിലിനായി ഇന്ന് ഷിരൂരിൽ എത്തും. രക്ഷാ പ്രവർത്തനം കൂടുതൽ വേഗത്തിലാക്കാൻ സൈനിക സാന്നിധ്യം സഹായകമാവുമെന്ന് കരുതുന്നു.



