ഹൈദരാബാദ് : മയിൽ കറി എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്ത തെലങ്കാന യൂട്യൂബർ അറസ്റ്റിലായി. സംസ്ഥാനത്തെ രാജന്ന സിർസില്ല ജില്ലയിലാണ് സംഭവം.
തങ്കല്ലപ്പള്ളി ഗ്രാമത്തിലെ കോടം പ്രണയ് കുമാർ എന്ന യൂട്യൂബർ തൻ്റെ ചാനലിൽ മയിൽക്കറി പാകം ചെയ്യുന്ന വിധം വീഡിയോ പോസ്റ്റ് ചെയ്തതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിൽ നിന്ന് കറി കണ്ടെടുത്തു. ഞായറാഴ്ചയാണ് ഇയാൾക്കെതിരെ കേസെടുത്തത്. തുടർന്ന് യൂട്യൂബിൽ നിന്ന് വീഡിയോ നീക്കം ചെയ്‌തു.
കറി സാമ്പിൾ ഫോറൻസിക് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. യൂട്യൂബറുടെ രക്ത സാമ്പിളുകളും ലാബിൽ പരിശോധനയ്ക്ക് അയച്ചു. സാമ്പിൽ പരിശോധനയിൽ മയിലിൻ്റെ ഇറച്ചി പോസിറ്റീവായാൽ കർശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
ദേശീയപക്ഷിയെന്ന നിലയില്‍ മയിലിന് പ്രത്യേക സംരക്ഷണം നല്‍കുന്ന നിയമങ്ങളൊന്നും ഇന്ത്യയില്‍ നിലവില്‍ ഇല്ലാത്തതിനാൽ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംരക്ഷിത ജീവിയെ കൊല്ലുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനാലാണ് വീഡിയോ നീക്കം ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മയിലിനെ കറിവെക്കുമെന്ന് പോസ്റ്റിട്ടതിനെ തുടർന്ന് മലയാളി യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറക്കെതിരെ നേരത്തെ വലിയ തോതിലുള്ള സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ദുബായിയിൽ വെച്ച് വറുത്തരച്ച മയില്‍ക്കറി ഉണ്ടാക്കുന്നു എന്നായിരുന്ന ഫിറോസ് പറഞ്ഞിരുന്നത്. മയിലിനെ കാണിച്ച ശേഷം കോഴിയെ പാചകം ചെയ്താണ് അന്ന് പക്ഷെ ഭക്ഷണമൊരുക്കിയത്. ദേശീയ പക്ഷിയായ മയിലിനെ ഒരു സുഹ്യത്തിന് സമ്മാനമായി നൽകാനാണ് വാങ്ങിയത് എന്ന് വിശദീകരിച്ചിട്ടും ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ശേഷമാണ് വിഷയം കെട്ടടങ്ങിയത്.